50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിർക്കുന്നതെന്തിന്? കേന്ദ്ര തെര. കമ്മീഷന് സുപ്രീംകോടതിയുടെ വിമർശനം

'ഒരു നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിൽ വിവിപാറ്റ് യന്ത്രങ്ങൾ എണ്ണിയാൽ വോട്ടെണ്ണലിന്‍റെ കൃത്യത ഉറപ്പാക്കാം എന്നറിഞ്ഞിരുന്നെങ്കിൽ നേരത്തേ നടപ്പാക്കാത്തതെന്ത്?' എന്ന് സുപ്രീംകോടതി. 

why do you oppose the counting of vvpat supreme court slams

ദില്ലി: വോട്ടെടുപ്പിൽ കൃത്യത ഉറപ്പാക്കാനായി 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന ഹർജിയെ എതിർ‍ത്തതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. സുതാര്യത ഉറപ്പാക്കാൻ എത്ര ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന അറിവ് നേരത്തേ ഉണ്ടായിരുന്നെങ്കിൽ അത് നടപ്പാക്കാത്തതെന്തെന്നാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചത്.

ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറായ സുദീപ് ജയ്‍നാണ് ഇന്ന് കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധാനം ചെയ്ത് എത്തിയത്. തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണിയാൽ മതിയെന്നായിരുന്നു സുദീപ് ജയ്‍ന്‍റെ മറുപടി. ഈ അറിവ് നേരത്തേ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് വിവിപാറ്റ് നടപ്പാക്കാൻ കോടതി ഉത്തരവ് വരെ കാത്തിരുന്നതെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. 

ഒരു ലോക്സഭാ മണ്ഡലത്തിൽ 6 അസംബ്ലി മണ്ഡലങ്ങളിൽ ആയി 600 ബൂത്തുണ്ടെങ്കിൽ രസീത് എണ്ണിയാൽ മതിയെന്നാണോ എന്ന് സുപ്രീംകോടതി ചോദിച്ചു. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡെ. തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ വ്യക്തമാക്കി. എങ്കിൽ അതെങ്ങനെയെന്ന് വ്യക്തമാക്കി ഒരു സത്യവാങ്മൂലം നൽകാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ഏപ്രിൽ ഒന്നിനാണ് ഈ ഹർജി ഇനി പരിഗണിക്കുക. 

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിപിപാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ഹർജിയിലാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസയച്ചത്. 

എന്താണ് വിവിപാറ്റ്?

വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോ​ഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനം പ്രദാനം ചെയ്യുന്നു. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാ​രപ്രദമാണ്. 

വിവിപാറ്റുകളുടെ പ്രവര്‍ത്തന രീതി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാണ് അച്ചടിച്ചു വരും. ആ പേപ്പർ രശീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രശീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്‍റ് സമയം നൽകും. 

എന്നാൽ ആ രസീതികൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിൽ രസീതികൾ നിക്ഷേപിക്കണം. ഇത്തരത്തിൽ പേപ്പർ രസീതികൾ ബോക്സുകളിൽ നിക്ഷേപിക്കുമ്പോൾ വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടര്‍മാർക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോ​ഗിച്ച് 2013ൽ നാ​ഗാലാന്‍റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിപിപാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ഹർജിയിലാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസയച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios