ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യ പ്രഥമപൗര; ആരാണ് ദ്രൗപതി മുർമു
മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ എന്‍ഡിഎ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥി തന്ത്രത്തെ പൊളിച്ചടുക്കിയിരുന്നു.
ദില്ലി: അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമു എത്തിയത്. വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപതി മുർമു എന്ന പേര് ഉയര്‍ന്നു വന്നത്. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും സ്ഥാനാർഥിത്വത്തിനുണ്ട്.
മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ എന്‍ഡിഎ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥി തന്ത്രത്തെ പൊളിച്ചടുക്കിയിരുന്നു. ജെഎംഎം, ബിജെഡി അടക്കം എന്‍ഡിഎയ്ക്ക് പുറത്ത് നില്‍ക്കുന്ന കക്ഷികളുടെ പിന്തുണ മാത്രമല്ല അതിലപ്പുറം പിന്തുണ നേടിയെടുത്താണ് ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ആദ്യത്തെ ഗോത്രവിഭാഗക്കാരിയായ വനിതയാകുന്നത്.
ഇന്ത്യ സ്വതന്ത്ര്യത്തിന്‍റെ 70മത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പുതിയ ചരിത്രം കൂടി ഉണ്ടാകുന്നു. ചരിത്രത്തിൽ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയായി. ആദിവാസി വനിതാ നേതാവിനെ ഉയർത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ നിന്ന് പിന്തുണ നേടുക എന്ന തന്ത്രം ബിജെപി വിജയകരമായി നടപ്പിലാക്കിയതോടെ ദ്രൗപതി മുർമു വലിയ വിജയമാണ് കുറിച്ചത്.
റെയ്സന കുന്നിലേക്ക് പുതിയ അതിഥി, ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി
ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013ൽ ഒഡീഷയിലെ പാർട്ടിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം).
2015ൽ ദ്രൗപതിയെ ജാർഖണ്ഡിന്റെ ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ. 1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്.
ആദിവാസി വിഭാഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ടാൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. എന്നാൽ ഭർത്താവും രണ്ടാൺകുട്ടികളും മരിച്ചു.
ദ്രൗപതി മുർമു രാഷ്ട്രപതി; ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി മോദി