'ശമ്പളം ചോദിച്ചപ്പോൾ ചെരുപ്പ് വായിൽ തിരുകി, ബെൽറ്റ് കൊണ്ടടിച്ചു': 21കാരന്‍റെ പരാതി, ബിസിനസുകാരിക്കെതിരെ കേസ്
ജോലി ചെയ്ത 16 ദിവസത്തെ ശമ്പളം ചോദിച്ചതിന് ക്രൂര മര്‍ദനം. വനിതാ വ്യവസായിക്കെതിരെ പരാതിയുമായി 21കാരന്‍.
ഗാന്ധിനഗര്‍: ശമ്പളം ചോദിച്ച 21കാരന്‍റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റി മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ വനിതാ വ്യവസായിക്കും ആറ് പേര്‍ക്കുമെതിരെ കേസെടുത്തു. ദളിത് യുവാവിനോടാണ് തൊഴിലുടമയും സംഘവും ഈ ക്രൂരത കാണിച്ചത്. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം നടന്നത്.
റാണിബ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (ആർഐപിഎൽ) മേധാവിയായ വിഭൂതി പട്ടേലിനും ആറ് പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. 21 കാരനായ നിലേഷ് ദൽസാനിയയാണ് പരാതിക്കാരന്‍. ഒക്ടോബറിലാണ് നിലേഷ് റാണിബ ഇന്‍ഡസ്ട്രീസില്‍ ടൈല്‍സ് കയറ്റുമതി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മാസം 12,000 രൂപയായിരുന്നു ശമ്പളം. ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ പിരിച്ചുവിട്ടു. താന്‍ ജോലി ചെയ്ത 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ വിഭൂതി പട്ടേല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതായെന്നും നിലേഷ് പറയുന്നു.
ഇതോടെ ശമ്പളം ചോദിക്കാന്‍ സഹോദരന്‍ മെഹുലിനും അയല്‍വാസിയായ ഭവേഷിനുമൊപ്പമാണ് നിലേഷ്, റാണിബ ഇൻഡസ്ട്രീസില്‍ എത്തിയത്. തുടര്‍ന്ന് വിഭൂതി പട്ടേലിന്‍റെ സഹോദരൻ ഓം പട്ടേൽ കൂട്ടാളികളുമായി സ്ഥലത്തെത്തി മൂവരെയും മര്‍ദിച്ചെന്നാണ് പരാതി. വിഭൂതി പട്ടേലും മര്‍ദിച്ചെന്ന് നിലേഷ് പറയുന്നു. തുടര്‍ന്ന് ഓഫീസിന്‍റെ ടെറസിലേക്ക് വലിച്ചിഴച്ചു. ആറ് പേര്‍ ബെൽറ്റുകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. വിഭൂതിയുടെ ചെരുപ്പ് വായില്‍ പിടിച്ച് മാപ്പ് പറയാനും ആവശ്യപ്പെട്ടെന്ന് നിലേഷ് പറഞ്ഞു.
ഓഫീസ് സ്ഥിതി ചെയ്യുന്ന റാവപ്പർ ക്രോസ്‌റോഡ് പ്രദേശത്ത് വീണ്ടും കണ്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പണം തട്ടാനാണ് ഓഫീസില്‍ വന്നതെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയും ആ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. മാപ്പ് പറയാൻ നിർബന്ധിക്കുന്നതും വീഡിയോയിലുണ്ട്.
വീട്ടില്‍ തിരിച്ചെത്തിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴ് പ്രതികള്‍ക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, എസ്‌സി / എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസെടുത്തെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രതിപാൽസിൻഹ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം