തളളിക്കളയാനാകാത്ത മുഖം; തരൂരിനെ ഉൾക്കൊണ്ട് മുന്നോട്ട് പോകുമോ കോൺഗ്രസ് ? ഹൈക്കമാന്‍ഡ് നിലപാട് നിർണായകം
അധ്യക്ഷ തെരഞ്ഞെടുപ്പോടെ ചരിത്രത്തിൽ ഇടം നേടിയ തരൂരിനെ കൂടി ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകാനാകും ഇനി ഗാന്ധി കുടംബത്തിന്‍റെ ശ്രമം.
ദില്ലി : അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, കോൺഗ്രസില്‍ തള്ളിക്കളയാനാകാത്ത മുഖമായി മാറുകയാണ് ശശി തരൂർ. വെറുമൊരു നടപടി മാത്രമാകേണ്ട അധ്യക്ഷ തെരഞ്ഞെടുപ്പിനെ സജീവമാക്കിയത് തരൂര്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി തന്നെയാണെന്നത് തർക്കമില്ലാത്ത വിഷയമാണ്. അധ്യക്ഷ തെരഞ്ഞെടുപ്പോടെ ചരിത്രത്തിൽ ഇടം നേടിയ തരൂരിനെ കൂടി ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകാനാകും ഇനി ഗാന്ധി കുടുംബത്തിന്‍റെ ശ്രമം.
ദേശീയ തലത്തിൽ കോൺഗ്രസിന്‍റെ ബാനറിലല്ല ശശി തരൂർ അറിയപ്പെട്ട് തുടങ്ങിയത്. സാധാരണക്കാർക്ക് സ്വപ്നതുല്യമായ നേട്ടങ്ങൾ ചെറു പ്രായത്തില്‍ തന്നെ സ്വന്തമാക്കിയ ശേഷമായിരുന്നു തരൂരിന്‍റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയായി. സോണിയാ ഗാന്ധിക്ക് പ്രസംഗങ്ങൾ പോലും തയ്യാറാക്കി നല്‍കിയിരുന്ന ബന്ധം പിന്നീട് ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് ഉലഞ്ഞു. ഗാന്ധി കുടുംബത്തിനെതിരെ കലാപമുയർത്തിയ ജി 23 നേതാക്കൾക്കൊപ്പം ചേര്‍ന്ന് ഒരു വേള തരൂർ നേതൃത്വത്തെ വെല്ലുവിളിക്കുന്നതും കണ്ടു. രാഷ്ട്രീയത്തില്‍ പല ഭാവങ്ങളില്‍ തുടർന്ന തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതും അപ്രതീക്ഷിതമായാണ്.
'തരൂരിന് എവിടെയും മേൽക്കൈ ഇല്ല, 1000 വോട്ട് വലിയ കാര്യമല്ല': കൊടിക്കുന്നിൽ സുരേഷ്
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്‍പും ശേഷവും എന്ന തരത്തിലായിരിക്കും ശശി തരൂരിന്‍റെ രാഷ്ട്രീയ ജിവിതം ഇനി അടയാളപ്പെടുത്തുക. പാർട്ടിയുടെ പതിവ് രീതികളോട് എതിർപ്പുള്ള വലിയൊരു വിഭാഗം പ്രവർത്തകരുടെയും അനുഭാവികളുടെയും പിന്തുണ തരൂരിനുണ്ടെന്ന് ഇതിനോടകം വ്യക്തമായി. അതിൽ ഏറെയും യുവാക്കളുടെ നിരയാണ്. മുന്‍ കേന്ദ്രമന്ത്രിയായ എംപിയില്‍ നിന്നും തള്ളിക്കളയാനാകാത്ത ഉറച്ച കാഴ്ചപ്പാടും നിലപാടുമുള്ള കോൺഗ്രസ് നേതാവായാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള തരൂർ നേതൃത്ത്വത്തിന് മുന്നിലെത്തുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാക്കൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന തരൂർ തരംഗം ഹൈക്കമാന്‍ഡിനോട് പലതും പറയുന്നുണ്ട്.
Read more ഖർഗെക്ക് ആശംസകളുമായി നേതാക്കൾ, വസതിയിലെത്തി സോണിയയും പ്രിയങ്കയും തരൂരും