അമര്‍നാഥിനെ കണ്ണിരിലാഴ്ത്തി മേഘവിസ്ഫോടനം; എന്താണ് മേഘവിസ്ഫോടനം? കാരണമെന്ത്?
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud burst) എന്ന് ഒറ്റവാക്കിൽ നിർവചിക്കുന്നത്
അമര്‍നാഥില്‍ മേഘവിസ്ഫോടനം തീർത്ത ദുരന്തത്തിന്‍റെ വേദനയിലാണ് രാജ്യം. ആദ്യ റിപ്പോർട്ടുകൾ പ്രകാരം മേഘവിസ്ഫോടനത്തിൽ അമർനാഥിൽ പൊലിഞ്ഞത് 15 മനുഷ്യജീവനുകളാണ്. നിരവധി പേരെയാണ് കാണാതായത്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയിട്ടുണ്ട്. വെളിച്ചക്കുറവും കാലാവസ്ഥ പ്രശ്നങ്ങളും രക്ഷാപ്രവർത്തനത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് വഴിയെ മാത്രമേ മനസിലാക്കാൻ സാധിക്കു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ വേദന പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. വലിയ ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്തരുതേയെന്നാണ് ഏവരുടെയും പ്രാർത്ഥന. പലയിടത്തും വലിയ ദുരന്തങ്ങളാണ് മേഘവിസ്ഫോടനങ്ങൾ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മേഘവിസ്ഫോടനം എന്താണെന്ന് അറിയേണ്ടതുണ്ട്.
അമര്‍നാഥില്‍ മേഘവിസ്ഫോടനം: മരണം 15 ആയി, നാല്‍പതോളം പേരെ കാണാനില്ല
എന്താണ് മേഘസ്ഫോടനം?
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud burst) എന്ന് ഒറ്റവാക്കിൽ നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
മേഘസ്ഫോടനത്തിനു കാരണമെന്ത്? വിദഗ്ധർ പറയുന്നതെന്ത്?
മേഘങ്ങളിൽ തന്നെ വലിപ്പ - ചെറുപ്പമുള്ളവയുണ്ട്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ്, അക്ഷരാർത്ഥത്തിൽ മേഘസ്ഫോടനമുണ്ടാക്കുന്നത്. എന്നാൽ, എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. താഴെ ക്ലാസ്സുകളിൽ പഠിച്ചതനുസരിച്ച്, ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ്, മേഘങ്ങൾ രൂപപ്പെടുന്നത്. അവയിൽ തന്നെ സവിശേഷ സ്വഭാവമുള്ള കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെ അവയെത്തുന്നു. ഇങ്ങനെയുണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിനു കാരണം. ഇവയ്ക്കുള്ളിൽ, ശക്തിയേറിയ ഒരു വായുപ്രവാഹം ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു. ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷതാപനില ഉയർന്നതായതിനാൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
മഴ രാത്രി കനത്തേക്കും, എല്ലാ ജില്ലകളിലും സാധ്യത; 12 ജില്ലയിൽ യെല്ലോ അലർട്ട് തുടരുന്നു