ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ശിക്ഷയായി തവളച്ചാട്ടം
പ്രദേശത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൂട്ടംകൂടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് വിവാഹത്തിന് ആളുകള്‍ എത്തിയത്. പൊലീസ് പിടികൂടിയ 17 പേരെയാണ് തവളച്ചാട്ടം ചാടിച്ചത്.
ഭിന്ദ് (മധ്യപ്രദേശ്): കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് തവളച്ചാട്ടം ശിക്ഷ വിധിച്ച് അധികൃതര്‍. വിവാഹം നടക്കുന്നതറിഞ്ഞ് റെയ്ഡിനെത്തിയ പൊലീസാണ് അതിഥികള്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ വിധിച്ചത്. മധ്യപ്രദേശിലെ ബിന്ദില്‍ ഉമരി ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഏകദേശം 300 അതിഥികള്‍ പങ്കെടുത്തു. ചിലര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൂട്ടംകൂടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് വിവാഹത്തിന് ആളുകള്‍ എത്തിയത്.
പൊലീസ് പിടികൂടിയ 17 പേരെയാണ് തവളച്ചാട്ടം ചാടിച്ചത്. ശരിയായി ചാടാത്തവരെ പൊലീസ് വടികൊണ്ട് അടിക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സമാനമായ സംഭവം കഴിഞ്ഞ ആഴ്ച ബിഹാറിലും നടന്നിരുന്നു.
കഴിഞ്ഞ ദിവസം 5065 കൊവിഡ് കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 7227 പേര്‍ മരിക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ സ്ത്രീയെ പൊലീസ് റോഡില്‍ വലിച്ചിഴക്കുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona