വിവാഹാഘോഷം അതിരുവിട്ടു, സഹോദരന്‍റെ പിഴവ് കാരണം വധു ഗുരുതരാവസ്ഥയിൽ
വധുവും വരനും ചടങ്ങുകളെല്ലാം കഴിഞ്ഞ് യാത്ര പറയാനിറങ്ങിയപ്പോഴാണ് ദാരുണ സംഭവമുണ്ടായത്
ചണ്ഡിഗഡ്: വിവാഹാഘോഷം അതിരുവിട്ടപ്പോൾ വധുവിന് ഗുരുതരമായി പരിക്കേറ്റു. സഹോദരൻ വെടിയുതിർത്ത് നടത്തിയ ആഘോഷമാണ് വധുവിന്റെ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയിൽ എത്തിച്ചത്. നെറ്റിയുടെ ഭാഗത്തായി വെടിയേറ്റ നവവധു ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഉപ്പൽ ഹാളിൽ നടന്ന വിവാഹ ആഘോഷമാണ് കണ്ണീരിൽ കലാശിച്ചത്. ബൽജീന്ദർ കൗർ എന്ന യുവതിയുടെ വിവാഹ ചടങ്ങ് കഴിഞ്ഞതോടെയാണ് സന്തോഷസൂചകമായി സഹോദരൻ ഗുർപ്രീത് തോക്കെടുത്ത് വെടിയുതിർത്തത്. ബൽജീന്ദർ വരൻ അമൃതപാൽ സിങ്ങിനൊപ്പം യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഇത്. അബദ്ധത്തിൽ ഒരു വെടിയുണ്ട വധുവിന്‍റെ ദേഹത്ത് തറച്ചു. ഉടനെ ബൽജീന്ദർ കൗറിനെ ആശുപത്രിയിൽ എത്തിച്ചു. ഫിറോസ്പൂരിലെ ബാഗി ആശുപത്രിയിൽ നിന്ന് പിന്നീട് ലുധിയാനയിലെ ഡിഎംസിഎച്ച് ആശുപത്രിയിലേക്ക് മാറ്റി.
ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഗുർപ്രീതിനെതിരെ കേസെടുത്തു. ഗുർപ്രീത് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഹാൾ ഉടമയ്ക്കെതിരെയും കേസുണ്ട്. വെടിയുതിർത്ത് നടത്തുന്ന ആഘോഷങ്ങൾക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. സന്തോഷം നിറഞ്ഞുനിന്ന അന്തരീക്ഷം ഒരൊറ്റ നിമിഷം കൊണ്ട് ദുഃഖം നിറഞ്ഞതായത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷിതമായ ആഘോഷങ്ങൾ മാത്രം നടത്തണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇനി കല്യാണക്കാലം; 35 ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുക 48 ലക്ഷത്തിലേറെ വിവാഹങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം