വെബ് സീരിസ് കണ്ടും നെറ്റിൽ പരതിയും പഠിച്ചു; ഗ്രോ ലൈറ്റുകളും എസിയുമൊക്കെ വെച്ച് വൻ സെറ്റപ്പിൽ കഞ്ചാവ് കൃഷി

പിടിക്കപ്പെടുമെന്ന് ഭയന്ന് ചെടികളെയൊന്നും സൂര്യപ്രകാശം കാണിക്കാൻ യുവാവ് ധൈര്യപ്പെട്ടിരുന്നില്ല. 

Watched web series and searched youtube for cultivating premium quality Marijuana with high tech set up

നോയിഡ: ഫുൾ സ്പെക്ട്രം ഗ്രോ ലൈറ്റുകൾ ഉൾപ്പെടെ സജ്ജീകരിച്ച് അത്യാധുനിക സംവിധാനങ്ങളോടെ കഞ്ചാവ് കൃഷി നടത്തുകയായിരുന്ന യുവാവ് പിടിയിലായി. പ്രീമിയം ഇനത്തിൽപ്പെടുന്നത് ഉൾപ്പെടെ നൂറോളം കഞ്ചാവ് ചെടികളാണ് യുവാവ് തന്റെ ഫ്ലാറ്റിനുള്ളിൽ 'ശാസ്ത്രീയമായി' കൃഷി ചെയ്തിരുന്നത്. ഡാർക്ക് വെബ്ബ് വഴി വിൽപ്പന നടത്തി ഓരോ ചെടിക്കും 50,000 മുതൽ 60,000 രൂപ വരെ നേടുമായിരുന്നു എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്.

ഗ്രേറ്റർ നോയിഡയിലായിരുന്നു വൻ സന്നാഹങ്ങളോടെയുള്ള ഫ്ലാറ്റ് കണ്ടെത്തിയത്. മീററ്റ് സ്വദേശിയായ രാഹുൽ ചൗധരി എന്നയാളായിരുന്നു ഇവിടെ താമസം. ഇംഗ്ലീഷ് ബിരുദധാരിയായ ഇയാൾ ചില വെബ്‍സീരിസുകൾ കണ്ടത് മുതലാണത്രെ കഞ്ചാവ് കൃഷിയോട് കമ്പം തോന്നിയത്. പിന്നീട് ഇന്റർനെറ്റിൽ നിന്ന് കൃഷിയുടെ വിവരങ്ങൾ തേടി. വിത്തുകൾ എത്തിക്കുന്നത് മുതൽ പരിപാലനവും ഏറ്റവുമൊടുവിൽ വിൽപ്പന വരെ എല്ലാം ഇന്റർനെറ്റ് സഹായത്തോടെയായിരുന്നു.

ഒരു ഇന്റർനാഷണൽ വെബ്‍സൈറ്റിൽ നിന്ന് പ്രീമിയം ഇനത്തിൽപ്പെടുന്ന കഞ്ചാവ് ചെടികളുടെ വിത്ത് വാങ്ങി. പേപാൽ വഴിയാണ് ഇതിന് പണം നൽകിയത്. ശേഷം ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും ഇവ വള‍ർത്തി. എന്നാൽ പിടിക്കപ്പെടുമെന്ന് ഭയന്ന് ചെടികളെയൊന്നും സൂര്യപ്രകാശം കാണിക്കാൻ യുവാവ് ധൈര്യപ്പെട്ടിരുന്നില്ല. പകരം ചൂടും വെളിച്ചവും കൃത്രിമമായി കിട്ടാൻ ഫുൾ സ്പെക്ട്രം ലൈറ്റുകളും വളർച്ചയ്ക്ക് ആവശ്യമായ താപനില കൃത്യമായി ക്രമീകരിക്കാൻ എയർ കണ്ടീഷണറുകളും ക്രമീകരിച്ചു.

നാല് മാസം മുമ്പാണ് കൃഷി തുടങ്ങിയത്. ഏകദേശം 100 മുതൽ 110 ദിവസം കൊണ്ട് ഒരു ചെടി വിൽപ്പനയ്ക്ക് തയ്യാറായാവും. 5000 രൂപ മുതൽ 7000 രൂപ വരെയാണ് ഓരോ ചെടിയും പരിപാലിക്കാൻ ചെലവ് വരുന്നതെന്നും ഇത് ഡാർക്ക് വെബ്ബ് വഴി വിൽക്കുമ്പോൾ 60,000 രൂപ വരെ കിട്ടുമെന്നാണ് യുവാവ് ചോദ്യം ചെയ്യലിൽ പറഞ്ഞതെന്നും ഡിസിപി പറ‌ഞ്ഞു. ഇതുവരെ 20 ചെടികൾ വിറ്റു. ഇനി 80ഓളം ചെടികൾ ബാക്കിയുണ്ടായിരുന്നു. കൃഷിക്ക് ഉപയോഗിച്ചിരുന്ന നിരവധി രാസ വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios