പിടിക്കപ്പെടുന്ന 407-ാമത്തെ ആൾ, സ്കൂട്ടർ കഴുകിയതിന് പിഴ 5000; കടുത്ത നടപടികൾ, ആകെ പിഴ ഈടാക്കിയത് 20.3 ലക്ഷം
വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിക്കപ്പെടുന്ന 407-ാമത്തെ ആളാണ് അദ്ദേഹമെന്ന് ബംഗളൂരു വാട്ടര്‍ സപ്ലൈ ആൻഡ് സീവേജ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി
ബെംഗളുരു: വരൾച്ച രൂക്ഷമായി തുടരുന്നതിനിടെ നിയമലംഘനങ്ങളില്‍ കര്‍ശന നടപടി തുടര്‍ന്ന് ബംഗളൂരു വാട്ടര്‍ സപ്ലൈ ആൻഡ് സീവേജ് ബോര്‍ഡ്. ചൊവ്വാഴ്ച ഉഗാദി ദിനത്തിൽ സ്കൂട്ടർ കഴുകാൻ ശ്രമിച്ചതിന് വിജ്ഞാനനഗർ സ്വദേശിക്ക് അധികൃതര്‍ പിഴ ചുമത്തി. വാഹനം കഴുകാൻ കാവേരി നദിയിൽ നിന്ന് വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചതായി കണ്ടെത്തിയപ്പോൾ 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിക്കപ്പെടുന്ന 407-ാമത്തെ ആളാണ് അദ്ദേഹമെന്ന് ബംഗളൂരു വാട്ടര്‍ സപ്ലൈ ആൻഡ് സീവേജ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഏപ്രിൽ 9 വരെ 407 പേര്‍ക്ക് പിഴ ചുമത്തുകയും നിയമലംഘകരിൽ നിന്ന് 20.3 ലക്ഷം രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ജലക്ഷാമം രൂക്ഷമായതോടെയാണ് വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള നടപടികൾ ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ കടുപ്പിച്ചത്.
ഇതിനിടെ വരൾച്ച രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ് എടുത്തിരുന്നു. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകൾ ജലവിതരണം ഏൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തത്. കുടിവെള്ള ടാങ്കർ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പരാതി നൽകിയത്.
ജലക്ഷാമം രൂക്ഷമായ 130 വാർഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കർ ഡ്രൈവറായിരുന്നു സുനിൽ. എന്നാൽ ടാങ്കറിൽ വെള്ളം നിറച്ച ശേഷം മറ്റൊരു വാർഡിലെ സ്വകാര്യ സ്ഥാപനത്തിന് വെള്ളം വിൽക്കുകയായിരുന്നു ഇയാൾ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ടാങ്കർ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് അധികൃതർ പിടിച്ചെടുത്തു. വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാൽ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്കെതിരെയും നടപടി കർശനമാകുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...