രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും ക്യാബ് എത്തിയില്ല, ഊബറിന് പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
ഓൺലൈൻ ടാക്സി ആപ്പിലൂടെ ക്യാബ് ബുക്ക് ചെയ്ത് കൃത്യ സമയത്ത് വാഹനം ലഭിക്കാതെ യാത്ര മുടങ്ങിയ പരാതിക്കാരന് 24100 രൂപ നഷ്ടപരിഹാരവും അനുഭവിച്ച മാനസിക സംഘർഷത്തിനും കോടതി ചെലവിനുമായി 30000 രൂപ നൽകാനും വിധി
ദില്ലി: കൃത്യ സമയത്ത് വാഹനം നൽകാനാവാത്തത് പിഴവ്. ഊബറിന് പിഴയിട്ട് ദില്ലി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 2022 നവംബർ 19ന് യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ഉപഭോക്തൃ തർക്ക പരിഹാര ജില്ലാ കമ്മീഷന്റെ ശരിവച്ചാണ് തീരുമാനം. സേവനം നൽകാനുണ്ടായ കാലതാമസം ഊബർ ഇന്ത്യ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന് സംഭവിച്ച വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് പിഴയിട്ടിരിക്കുന്നത്. ഓൺലൈൻ ടാക്സി ആപ്പിലൂടെ ക്യാബ് ബുക്ക് ചെയ്ത് കൃത്യ സമയത്ത് വാഹനം ലഭിക്കാതെ യാത്ര മുടങ്ങിയ ഉപേന്ദ്ര സിംഗ് എന്ന പരാതിക്കാരന് 24100 രൂപ നഷ്ടപരിഹാരവും അനുഭവിച്ച മാനസിക സംഘർഷത്തിനും കോടതി ചെലവിനുമായി 30000 രൂപ നൽകാനുമായിരുന്നു ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചത്.
ഇതിനെതിരെ ഊബർ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഓൺലൈൻ ടാക്സി സേവനദാതാവ് എന്ന നിലയിൽ ഉപഭോക്താവിന് വാഹനം കൃത്യ സമയത്ത് നൽകുകയെന്നത് ഊബറിന്റെ ഉത്തരവാദിത്തമാണ്. പരാതിക്കാരനുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഊബറിനാണെന്നും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. 2022 നവംബർ 19ന് ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 3.15നാണ് ഉപേന്ദ്ര സിംഗ് ക്യാബ് ബുക്ക് ചെയ്തത്. എന്നാൽ ആപ്പിൽ നിയോഗിക്കപ്പെട്ട കാർ പുലർച്ചെ 5.15 വരെ കാത്തിരുന്ന ശേഷവും എത്തിയില്ല. ഇതിന് പിന്നാലെ ദില്ലിയിൽ നിന്ന് ഇൻഡോറിലേക്ക് ഇവർ സഞ്ചരിക്കേണ്ടിയിരുന്ന വിമാനം മിസായി. പിന്നീട് ടിക്കറ്റുകൾ റെഡിയാക്കി യാത്ര പുറപ്പെടാൻ കാലതാമസം നേരിട്ടു. മടക്കയാത്രയ്ക്കായി നേരത്തെ തന്നെ ടിക്കറ്റുകൾ എടുത്തിരുന്നതിനാൽ ഇൻഡോറിലെ കുടുംബത്തിനൊപ്പം 12 മണിക്കൂർ മാത്രമാണ് ചെലവിടാനായതെന്നുമായിരുന്നു ഉപേന്ദ്ര സിംഗ് പരാതിയിൽ വിശദമാക്കിയത്.
തനിക്ക് നേരിട്ട ബുദ്ധിമുട്ട് ഊബറിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അനുകൂലമായ സമീപനം ഓൺലൈൻ ടാക്സി സേവന ദാതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. 2023 ഒക്ടോബറിൽ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിശദമാക്കിയിരുന്നു. ഡ്രൈവറുടെ പിഴവെന്ന രീതിയിൽ ഓൺലൈൻ ടാക്സി സേവന ദാതാവ് ശ്രമിച്ചത് ശരിയായില്ലെന്നും കമ്മീഷൻ വിശദമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട സമയത്ത് മറ്റൊരു ക്യാബ് നൽകാൻ പോലും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം