വെടിയേറ്റ് 'ഭീമ' തിരിഞ്ഞോടിയെത്തി, മയക്കുവെടി വിദഗ്ധൻ 'ആനെ വെങ്കിടേഷ്' കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാപ്പിത്തോട്ടത്തിൽ വെച്ച് മയക്കുവെടി ഏറ്റെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിന് നേരെ ഓടിയെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെങ്കിടേഷ് ഒരു കുഴിയിൽ വീഴുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)

violent Tusker kills shooter hired to tranquillize it in Karnatakas Hassan vkv

ഹാസൻ: കർണാടകയിൽ മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിൽ ഇന്നലെ ആയിരുന്നു ആക്രമണം. ആനകളെ മയക്കുവെടി വെക്കുന്നതിൽ വിദഗ്ധനായ 'ആനെ വെങ്കിടേഷ്' എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്. ആനയെ മയക്കുവെടി വച്ചപ്പോൾ അത്‌ പിന്തിരിഞ്ഞോടി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു.  വെങ്കിടേഷിനെ ആന ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് വെങ്കിടേഷിനെ ആന ആക്രമിച്ചത്. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരുക്കേറ്റതിനെ തുടർന്ന് അക്രമാസക്തനായ 'ഭീമ' എന്ന ആനയെ മയക്കുവെടി വെക്കാനാണ് വെങ്കിടേഷ് എത്തിയിരുന്നത്. കാപ്പിത്തോട്ടത്തിൽ വെച്ച് മയക്കുവെടി ഏറ്റെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിന് നേരെ ഓടിയെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെങ്കിടേഷ് ഒരു കുഴിയിൽ വീണു. ഇതിനിടെ ആണ് വെങ്കിടേഷിന് ആനയുടെ ചവിട്ടേറ്റത്. വെങ്കിടേഷിനൊപ്പം രണ്ട് പേരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വെച്ചാണ് ആനയെ ഓടിച്ചത്.  ശേഷം വെങ്കിടേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ചവിട്ടേറ്റ് നെഞ്ചിലും തലയിലും ആഴത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ മോഹൻകുമാർ പറഞ്ഞു.

മുൻ വനം വകുപ്പ് ഗാർഡ് ആയിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷം എലഫന്‍റ് ടാസ്ക് ഫോഴ്സിന്‍റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലി നോക്കി വരികയായിരുന്നു. സംഭവത്തെ തുടർന്ന്  സർക്കാർ വെങ്കടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. അതേസമയം വെങ്കടേഷിന്റെ മരണത്തിന്റെ പൂർണഉത്തരവാദിത്തം സർക്കാരിനാണെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വനം വകുപ്പിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി വെങ്കിടേഷിന്‍റെ മകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More : വീട്ടുജോലിക്കെത്തിച്ച 10 വയസുകാരിയെ 5 ദിവസം കുളിമുറിയിൽ പൂട്ടിയിട്ട് ദമ്പതികൾ; സ്വകാര്യ ഭാഗങ്ങളിൽ മുറിവ്, കേസ്

Latest Videos
Follow Us:
Download App:
  • android
  • ios