180 കി.മീ വേഗത്തിൽ ചീറിപ്പാഞ്ഞ് വന്ദേ ഭാരത്, ട്രെയിനിനുള്ളിൽ കുലുക്കമില്ലാതെ നിറഞ്ഞ ഗ്ലാസ്, വീഡിയോ വൈറൽ
ലോകോത്തര നിലവാരത്തിലുള്ള ഈ യാത്ര യാഥാർത്ഥ്യമാക്കാനായി ഈ മാസം അവസാനം വരെ പരീക്ഷണങ്ങൾ തുടരും.
ജയ്പൂർ: ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് പുതിയ ഉയരങ്ങളിലേയ്ക്ക്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടത്തിയ വന്ദേ ഭാരത് സ്ലീപ്പർ ട്രയിനിന്റെ ട്രയൽ റൺ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വന്ദേ ഭാരത് മണിക്കൂറിൽ 180 കിലോ മീറ്റർ വേഗതയിൽ കുതിച്ചുപായുന്നത് കാണാം.
വന്ദേ ഭാരതിന്റെ ഈ വേഗത യാത്രക്കാരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്. എന്നാൽ, വേഗതയ്ക്കുമപ്പുറം മറ്റൊരു കാഴ്ചയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി പുറത്തുവിട്ട വീഡിയോയിൽ ട്രെയിനിന്റെ വേഗത 180 കി.മീ വരെ എത്തുന്നത് കാണാം. മൊബൈലിലാണ് വേഗത റെക്കോർഡ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ മൊബൈൽ ഫോണിന് സമീപത്ത് നിറഞ്ഞു തുളുമ്പിയ ഒരു ഗ്ലാസ് വെള്ളവും കാണാം. ഇത്രയേറെ വേഗത്തിൽ കുതിച്ചു പാഞ്ഞിട്ടും ഗ്ലാസിലെ വെള്ളം ഒരു തുള്ളിപോലും പുറത്തേയ്ക്ക് വീണില്ല എന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. വേഗതയിലുള്ള യാത്രയ്ക്കിടയിലും ട്രെയിനിന്റെ സ്ഥിരത നഷ്ടമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജസ്ഥാനിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 40 കിലോ മീറ്റർ ദൂരത്തിലാണ് ട്രയൽ റൺ നടത്തിയത്. ട്രയൽ റണ്ണിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോ മീറ്റർ വേഗത കൈവരിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഈ യാത്ര യാഥാർത്ഥ്യമാക്കാനായി ഈ മാസം അവസാനം വരെ പരീക്ഷണങ്ങൾ തുടരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ട്രെയിനിന്റെ പരീക്ഷണങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ വൈകാതെ തന്നെ റെയിൽവേ സുരക്ഷാ കമ്മീഷണർ പരിശോധിച്ച് വിലയിരുത്തും. അവസാന ഘട്ട വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ ട്രെയിൻ ഔദ്യോഗികമായി റെയിൽവേയ്ക്ക് കൈമാറുകയുള്ളൂ.
കശ്മീർ - കന്യാകുമാരി, ദില്ലി - മുംബൈ, ഹൗറ - ചെന്നൈ തുടങ്ങി നിരവധി റൂട്ടുകളിൽ ലോകോത്തര യാത്രാ അനുഭവം യാത്രക്കാർക്ക് പ്രതീക്ഷിക്കാമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഓട്ടോമാറ്റിക് ഡോറുകൾ, അൾട്രാ കംഫർട്ടബിൾ ബെർത്തുകൾ, ഓൺബോർഡ് വൈഫൈ, എയർക്രാഫ്റ്റ് സമാനമായ ഡിസൈൻ തുടങ്ങിയ സവിശേഷതകളോടെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.