ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗിന് കൊവിഡ്
തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും സിംഗ് അറിയിച്ചു.
ലഖ്നൗ: ഉത്തർപ്രദേശിലെ ക്യാബിനറ്റ് റാങ്കുള്ള ഖാദി, ടെക്സ്റ്റൈല്‍ മന്ത്രിയും ബിജെപി വക്താവുമായ സിദ്ധാർത്ഥ് നാഥ് സിംഗിന് കൊവിഡ്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും സിംഗ് അറിയിച്ചു.
"കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തി. ഫലം പോസിറ്റീവാണ്. നിലവിൽ എന്റെ ആരോഗ്യം തൃപ്തികരമാണ്, ഡോക്ടർമാരുടെ ഉപദേശപ്രകാരം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ദയവായി സ്വയം കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു", സിദ്ധാർത്ഥ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
മഹാമാരിക്കിടയിലും സന്നദ്ധപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സിദ്ധാർത്ഥ് നാഥ് സിംഗ്. അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇവയുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുമുണ്ട്. അതേസമയം, സംസ്ഥാനത്തെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായ കമല റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.