ഹോട്ടലുകളിൽ ഭക്ഷണം പാകംചെയ്യുന്ന ഇടങ്ങളിൽ സിസിടിവി നിർബന്ധം, ഉടമകളുടെ പേര് പ്രദർശിപ്പിക്കണം: യുപി സർക്കാർ
ഭക്ഷണം പാകം ചെയ്യുന്നവർ മാസ്കും ഗ്ലൌവ്സും ധരിക്കണം. ഹോട്ടലുടമകളുടെയും മാനേജരുടെയും പേരുകൾ ഹോട്ടലിന് മുന്നിൽ പ്രദർശിപ്പിക്കണം.
ലഖ്നൌ: ഉത്തർപ്രദേശിലെ എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധമാക്കി യുപി സർക്കാർ. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമല്ല പാകം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണം. ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നുവെന്നും മായം ചേർക്കുന്നുവെന്നുമുള്ള വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനമെടുത്തത്.
എല്ലാ ഹോട്ടലുകളിലും ധാബകളിലും റെസ്റ്റോറന്റുകളിലും പരിശോധന നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഭക്ഷണം പാകം ചെയ്യുന്നവർ മാസ്കും ഗ്ലൌവ്സും ധരിക്കണം. ഹോട്ടലുടമകളുടെയും മാനേജരുടെയും പേരുകൾ ഹോട്ടലിന് മുന്നിൽ പ്രദർശിപ്പിക്കണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സഹരൻപൂർ ജില്ലയിലെ ഒരു ഭക്ഷണശാലയിൽ റൊട്ടി തയ്യാറാക്കുന്നതിനിടെ കൗമാരക്കാരൻ തുപ്പുന്ന വീഡിയോ പുറത്തുവന്നിരുന്നു. ജ്യൂസിൽ മൂത്രം കലർത്തി നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഗാസിയാബാദിൽ ജ്യൂസ് വിൽപനക്കാരനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉമിനീർ കലർന്ന ജ്യൂസ് വിറ്റതിന് രണ്ട് പേരെ നോയിഡയിലും അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കർശന നടപടി സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം