സംഘർഷവും പൊളിക്കലുമായി ബന്ധമില്ലെന്ന് യുപി സർക്കാർ, പുതിയ ശിക്ഷാ മാതൃകയെന്ന് ജമാത്ത് ഉൽമ ഹിന്ദ്

അനധികൃത നിർമാണങ്ങൾക്കെതിരെയാണ് നടപടി എടുത്തതെന്ന് യുപി സർക്കാരിന്റെ സത്യവാങ്മൂലം, സർക്കാരിന്റെത് രാഷ്ട്രീയ നടപടിയെന്ന് ജമാത്ത് ഉൽമ ഹിന്ദ്

UP Government filed affidavit in Supreme court, says no connection between Clash and Demolition

ദില്ലി: ഉത്ത‍ർപ്രദേശിലെ പൊളിക്കൽ നടപടികളെ ന്യായീകരിച്ച് യുപി സർക്കാർ സുപ്രീംകോടതിയിൽ. സംഘർഷവും പൊളിക്കൽ നടപടികളുമായി ബന്ധമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനധികൃത നിർമാണങ്ങൾക്കെതിരെയാണ് നടപടി എടുത്തത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി യുപി സർക്കാർ വിശദമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. അതേസമയം യുപി സർക്കാരിന്റെ സത്യവാങ്മൂലത്തെ ജമാത്ത് ഉൽമ ഹിന്ദ് എതിർത്തു. പൊളിക്കൽ നടപടി സർക്കാരിന്റെ പുതിയ ശിക്ഷ മാതൃകയാണ്. നിലനിൽക്കുന്ന നിയമ  വ്യവസ്ഥയ‍്‍ക്കെതിരായ നടപടിയാണ് ഇതെന്നും ജമാത്ത് ഉൽമ ഹിന്ദ് ആരോപിച്ചു. സർക്കാരിന്റെത് രാഷ്ട്രീയ നടപടിയാണെന്നാരോപിച്ച് ജമാത്ത് ഉൽമ ഹിന്ദ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കേസിൽ ഇന്ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും. 

ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധം ഉത്തർപ്രദേശിൽ പലയിടത്തും സംഘ‌ർഷത്തിൽ കലാശിച്ചിരുന്നു. ഈ സംഘ‌ർഷങ്ങൾക്ക് പിന്നാലെയാണ് നേതൃത്വം നൽകിയവരുടെ വീടുകൾ ഉൾപ്പെടെ പൊളിച്ച് മാറ്റാൻ യുപി സർക്കാർ നടപടികളെടുത്തത്.  വെല്‍ഫയർ പാര്‍ട്ടി നേതാവ് ജാവേദ് അഹമ്മദിന്‍റെ വീടുൾപ്പെടെ ആദ്യ ഘട്ടത്തിൽ പൊളിച്ച് നീക്കിയിരുന്നു. തുടർന്നും നടപടികളുമായി മുന്നോട്ടുപോയ സർക്കാർ കഴിഞ്ഞ ദിവസം പ്രയാഗ്‍രാജിൽ 30 പേർക്കും ഷഹാൻപൂരിൽ 10 പേർക്കും നോട്ടീസ് നൽകി. എഐഎംഐഎം നേതാവ് ഉൾപ്പെടെ  സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവർക്കാണ് നോട്ടീസ് നൽകിയത്. 

നബിവിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. യുപി സർക്കാരിന് നോട്ടീസയച്ച കോടതി, നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ചിരുന്നു. ഇതേതുർന്നാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios