'യുപി മദ്രസ ബോർഡ് നിയമം' ഭരണഘടനാ വിരുദ്ധം, മതേതരത്വത്തിന് എതിരെന്ന് അലഹബാദ് ഹൈക്കോടതി
മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി
ലഖ്നൌ: ഉത്തർപ്രദേശിലെ 'യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്റ്റ് 2004' ഭരണഘടനാവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഈ ആക്റ്റ് മതേതര തത്വങ്ങള്‍ക്ക് എതിരാണെന്ന് ലഖ്‌നൗ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. ഇപ്പോൾ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
അൻഷുമാൻ സിംഗ് റാത്തോഡ് എന്നയാളുടെ റിട്ട് ഹർജിയിലാണ് ലഖ്‌നൗ ബെഞ്ചിന്‍റെ വിധി. യുപി മദ്രസ ബോർഡിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആ ബോർഡ് കൈകാര്യം ചെയ്യുന്നതിനും എതിരെയായിരുന്നു ഹർജി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഡിവിഷൻ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. അത്തരം തീരുമാനങ്ങൾ തുല്യ അവസരങ്ങളും മതേതര തത്വങ്ങളും ഉറപ്പാക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ഒരു ചുറ്റുമതിലിന്‍റെ പോലും അകലമില്ലാതെ അമ്പലവും പള്ളിയും; ഈ നോമ്പുതുറ കൊല്ലത്തെ സ്നേഹക്കാഴ്ച
ഉത്തർപ്രദേശിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. മദ്രസകൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അന്വേഷിക്കാൻ 2023 ഒക്ടോബറിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം