കൊവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' കഴിക്കൂ; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി
പപ്പടത്തെ പറ്റിയും അതിന്റെ ഗുണങ്ങളെ കുറിച്ചും അര്‍ജുന്‍ റാം വിവരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഈ പ്രചരണത്തിന്‍റെ പേരില്‍ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്
ദില്ലി: കൊവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ പരിശ്രമിക്കുകയാണ്. എന്നാൽ, കൊവിഡിനെ തുരത്താൻ സഹായിക്കുമെന്ന രീതിയിൽ പലതരത്തിലുള്ള വാദങ്ങളുമായി നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുമുണ്ട്. അത്തരത്തിലൊരു വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.
കൊവിഡിനെ പ്രതിരോധിക്കാന്‍ 'ഭാഭിജി പപ്പടം' കഴിച്ചാല്‍ മതിയെന്ന വാദമാണ് അര്‍ജുന്‍ റാം മുന്നോട്ട് വച്ചിരിക്കുന്നത്. ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പപ്പടത്തെ പറ്റിയും അതിന്റെ ഗുണങ്ങളെ കുറിച്ചും അര്‍ജുന്‍ റാം വിവരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ നിരവധി വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മ്മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമാണ് മന്ത്രിയുടെ അവകാശവാദം.