തൊഴിൽ സമയം 12 മണിക്കൂർ വരെ, പക്ഷേ ആഴ്ചയില്‍ 3 ദിവസം അവധി; വന്‍ പരിഷ്കാരത്തിനോ രാജ്യം? Fact Check
കമ്പനികൾക്ക് തൊഴിൽ സമയം 12 മണിക്കൂർ വരെ ആക്കാന്‍ പുതിയ നയം മൂലം സാധിക്കുമെന്നാണ് പ്രചാരണം അവകാശപ്പെടുന്നത്
ദില്ലി: ആഴ്ചയില്‍ മൂന്ന് ദിവസം അവധി, എന്നാല്‍ ജോലി സമയം ഏറും. രാജ്യത്തെ തൊഴിലാളികള്‍ക്ക് മുന്നില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണോ കേന്ദ്ര സർക്കാർ. ജോലി സമയത്തില്‍ വലിയ പരിഷ്കാരം കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമന്‍ വരും ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹ്യമാധ്യമമായ വാട്സ്ആപ്പില്‍ കാർഡ് സഹിതം പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. ഈ വിവരങ്ങള്‍ സത്യം തന്നയോ എന്ന് പരിശോധിക്കാം.
പ്രചാരണം
രാജ്യത്ത് പല മേഖലകളിലും കമ്പനികള്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി (വിക്കിലി ഓഫ്) ജീവനക്കാർക്ക് നല്‍കുന്നുണ്ട്. എന്നാല്‍ 'രണ്ട് ദിവസത്തെ വീക്കിലി ഓഫിന്‍റെ കാലം കഴിഞ്ഞു, ഇനി ആഴ്ചയില്‍ മൂന്ന് അവധിദിനങ്ങള്‍ വരുവാണ്' എന്ന തലക്കെട്ടോടെയാണ് കാർഡ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്‍റെ ചിത്രവും വൈറല്‍ സന്ദേശത്തില്‍ കാണാം.
'2024 ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന അടുത്ത ബജറ്റിൽ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. ജോലി സമയവും അവധികളും എല്ലാം മാറും. ജൂലൈ 1 മുതല്‍ കമ്പനികള്‍ക്ക് പ്രതിദിനം 12 മണിക്കൂർ വരെ തൊഴിലാളികളുടെ ജോലി സമയം ഏർപ്പെടുത്താം. ജീവനക്കാർ 10-12 മണിക്കൂർ സമയം നാല് ദിവസം ജോലി ചെയ്താല്‍ ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കാന്‍ കമ്പനികള്‍ക്കാകും. തൊഴിലാളികളുടെ പിഎഫ് തുക വർധിപ്പിക്കും. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ മോദി സർക്കാർ ഒരുങ്ങുകയാണ്' എന്നുമുള്ള വിവരങ്ങളോടെയാണ് സന്ദേശം പ്രചരിക്കുന്നത്. #AhmedabadLive എന്ന ഹാഷ്ടാഗും ഇതിനൊപ്പം കാണാം.
വസ്തുത വ്യക്തമാക്കി പിഐബി
എന്നാല്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വലിയ പരിഷ്കാരം വരുന്നതായുള്ള ഈ പ്രചാരണം കേന്ദ്ര സർക്കാർ നിഷേധിക്കുകയാണ്. തൊഴിലാളികള്‍ക്ക് ആഴ്ചയിലെ 3 ദിവസത്തെ അവധി നയം പ്രഖ്യാപിക്കുമെന്ന പേരിൽ കേന്ദ്ര ധനമന്ത്രിയുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിലെ തകൃതിയായി നടക്കുന്ന പ്രചാരണം തെറ്റാണ് എന്ന് പ്രസ് ഇന്‍ഫർമേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം