കേന്ദ്ര മന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസിനുള്ളിൽ പൂട്ടിയിട്ടു, ഒരു മണിക്കൂർ അകത്ത്, നടപടി
ഒരു സംഘം ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി മന്ത്രിയെ മുറിയിൽ പൂട്ടിയിടുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു.
കൊൽക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാരിനെയാണ് പ്രവർത്തകർ ബിജെപി ജില്ലാ ഓഫീസിൽ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും ആക്ഷേപിച്ചാണ് ഒരു വിഭാഗത്തിന്‍റെ നടപടി. പശ്ചിമ ബംഗാളിലെ ബങ്കുറയിലുള്ള പാർട്ടി ഓഫീസിലാണ് മന്ത്രിയെ ഒരു മണിക്കൂറോളം പൂട്ടിയിട്ടത്.
ബാങ്കുരയില്‍ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴായിരുന്നു സംഭവം. ഒരു സംഘം ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി മന്ത്രിയെ മുറിയിൽ പൂട്ടിയിടുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയെ ഓഫീസിനുള്ളിൽ നിന്നും മോചിപ്പിച്ചത്. പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു.
Read More : 'രാമ മന്ദിറിന് 10 രൂപ മുതൽ സംഭാവന നൽകിയ ഭക്തർ, ഇതുവരെ ലഭിച്ചത് 3,500 കോടി, അദൃശ്യ പ്രചോദനമായി മോദിയും'