കൊവിഡ് ഭീഷണി ചെറുക്കുമെന്ന് പ്രധാനമന്ത്രി; നിര്‍ണ്ണായക കേന്ദ്രമന്ത്രിസഭ യോഗം ദില്ലിയിൽ
രണ്ടാം നരേന്ദ്ര മോദി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗമാണ് ഇന്ന് ചേരുന്നത്. ഇരുപത് ലക്ഷം കോടിയുടെ പാക്കേജിന്‍റെ തുടർനടപടികൾ യോഗം തീരുമാനിക്കും.
ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമായിരിക്കെ കേന്ദ്ര മന്ത്രിസഭാ യോഗം ദില്ലിയിൽ .രണ്ടാം നരേന്ദ്ര മോദി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗമാണ് ഇന്ന് ചേരുന്നത്. കൊവിഡ് പ്രതിരോധ നടപടികൾക്കായി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ പാക്കേജിന്‍റെ തുടർനടപടികൾ അടക്കം ഏറെ നിര്‍ണ്ണായകമായ തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കുമെന്നാണ് വിവരം.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തും. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിൻറെ ഭാഗമായുള്ള തുടര്‍ നടപടികളും ചര്‍ച്ചയാകുമെന്നാണ് വിവരം, അന്തർസംസ്ഥാന യാത്രയ്ക്കുൾപ്പടെ സംസ്ഥാനങ്ങൾ നിയന്ത്രണം പ്രഖ്യാപിക്കുകയാണ്. കേന്ദ്രമാർഗ്ഗനിർദ്ദേശം പൂർണ്ണമായും അംഗീകരിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവാത്ത സാഹചര്യത്തിൽ സാമ്പത്തികസ്ഥിതി പൂർവ്വനിലയിലേക്ക് തിരിച്ചെത്തുന്നത് വൈകുമെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്.
അതേസമയം ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ കൊവിഡ് ഭീഷണി ചെറുത്തുതോല്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമം വച്ചു പൊറുപ്പിക്കില്ല. കർണ്ണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യസർവ്വകലാശാല രജതജൂബിലി ആഘോഷത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കുകയായിരുന്നു നരേന്ദ്ര മോദി. ആറുവർഷത്തിൽ ഇന്ത്യയിലെ ആരോഗ്യരംഗത്ത് നിരവധി മാറ്റം കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.