നരസിംഹ റാവുവിന്‍റെ അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ; മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം

1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ പുതിയ പ്രധാനമന്ത്രി നരസിംഹ റാവുവിൽ നിന്ന് അപ്രതീക്ഷിത ഫോൺ കോൾ മൻമോഹൻ സിങിനെ തേടിയെത്തി

unexpected phone call from Narasimha Rao The beginning of Manmohan Singh's political career

ദില്ലി: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നായിരുന്നു മൻമോഹൻ സിങ്. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായാണ് മൻമോഹൻ സിംഗ് എത്തുന്നത്. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയതിന് ശേഷം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി. 1957ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ സെന്‍റ് ജോൺസ് കോളേജിൽ നിന്നും എക്കണോമിക്സ് ട്രിപ്പോസ് നേടിയതിന് ശേഷം ഇന്ത്യയിലെത്തി. പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി ജോലിക്ക് ചേർന്നു.

1969-71 കാലത്ത് ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ പ്രൊഫസറായി. ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേശകനുമായിരുന്നു. 1972ൽ ധനകാര്യ മന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ൽ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 – ആസൂത്രണ കമ്മീഷൻ അംഗമായി. 1982 ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി നിയമനം ലഭിച്ചു. 1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയി തുടർന്നു.

പിന്നീട് 1985-87 കാലത്ത് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി ചുമതലയേറ്റു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മൻമോഹൻ സിങിനോട് മതിപ്പില്ലായിരുന്നു. ആസൂത്രണ കമ്മീഷനെ കോമാളി സംഘം എന്ന് രാജീവ് ഗാന്ധി വിമർശിച്ചതിൽ പ്രതിഷേധിച്ച് രാജിവെക്കാൻ ഒരുങ്ങിയ മൻമോഹൻ സിങിനെ ഏറെ പണിപെട്ടാണ് പിൻതിരിപ്പിച്ചതെന്ന് മുൻ ആഭ്യന്തര സെക്രട്ടറിയും സിഎജിയുമായിരുന്ന സി ജി സോമയ്യ ആത്മകഥയിൽ പറയുന്നുണ്ട്. 1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിൻതുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്‍റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി.

1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ പുതിയ പ്രധാനമന്ത്രി നരസിംഹ റാവുവിൽ നിന്ന് അപ്രതീക്ഷിത ഫോൺ കോൾ മൻമോഹൻ സിങിനെ തേടിയെത്തി. ഇവിടെയാണ് മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അസമിൽ നിന്നുള്ള രാജ്യസഭാംഗമായതാണ് കേന്ദ്ര സർക്കാരിൽ അദ്ദേഹമെത്തിയത്. പിന്നീട് തുടർച്ചയായി 4 തവണ അസമിൽ നിന്നുള്ള രാജ്യസഭാംഗമായി. 

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. ധനകമ്മി ജിഡിപിയുടെ 8.5 % , വിദേശനാണ്യ കരുതൽ ശേഖരം കഷ്ടിച്ച് 2 ആഴ്ചത്തേക്കുകൂടി മാത്രം എന്ന സ്ഥിതിയായിരുന്നു അന്ന്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വായ്പയെടുക്കാൻ രാജ്യം നിർബന്ധിതമായപ്പോൾ കടുത്ത സാമ്പത്തിക നടപടികളാണ് തിരികെ ഐഎംഎഫ് ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് നീക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും മൻമോഹൻ സിങ് നിർബന്ധിതനായി. ഇറക്കുമതി ചുങ്കം കുറച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടക്കം സാമ്പത്തിക പരിഷ്കാരങ്ങളോട് മുഖം തിരിച്ച നേതാക്കളോട് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

അക്കാലത്തെ വാണിജ്യ സഹമന്ത്രി പി ചിദംബരം, മൻമോഹൻ സിങിനെ ഉപമിച്ചത് ഡെൻ സിയാവോപിങിനോടായിരുന്നു. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 5.1 % ലേക്കും 1993-94 കാലത്ത് വളർച്ച നിരക്ക് 7.3 % ലേക്കും ഉയർന്നു. ആർ.എൻ.മൽഹോത്ര കമ്മിറ്റി റിപ്പോർട്ട് ഈ കാലത്ത് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കിയതും മൻമോഹൻ സിംഗ് ആണ്.

'കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ, സമാനതകളില്ലാത്ത നേതാവ്', വികാരഭരിതമായി ഖർഗെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios