പേരുമാറ്റാൻ മാത്രം അറിയുന്നവരെയല്ല വിദ്യാഭ്യാസമുള്ളവരെ തെരഞ്ഞെടുക്കൂ, അണ്‍അക്കാദമി അധ്യാപകന്‍റെ പ്രസ്താവന വൈറൽ

ബ്രിട്ടീഷ് കാലത്തുള്ള ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് എന്നിവയെ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്ലിനേക്കുറിച്ച് പറയുമ്പോഴാണ് കരണ്‍റെ പരാമര്‍ശം.

Unacademy teacher urged students to vote for well educated politicians not to vote for politicians who only focus on changing names etj

ദില്ലി: വോട്ട് ചെയ്യുന്നത് വിദ്യാഭ്യാസമുള്ള നേതാക്കന്മാരെ ആയിരിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭത്തിലെ അധ്യാപകന്‍. എഡ്യുടെക് സ്ഥാപനമായ അണ്‍അക്കാദമിയിലെ അധ്യാപകനാണ് ക്ലാസിനിടെ നടത്തിയ പരാമര്‍ശത്തെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് അടി തുടരുകയാണ്. കരണ്‍ സാഗ്വാന്‍ എന്ന യുവ അധ്യാപകനാണ് നല്ല വിദ്യാഭ്യാസമുള്ള നേതാക്കന്മാരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്നത്.

പേരുകള്‍ മാത്രം മാറ്റുന്നതില്‍ താല്‍പര്യമുള്ള നേതാക്കളെയല്ല ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലമുള്ള നേതാക്കളെയാണ് ആവശ്യമെന്നാണ് കരണ്‍ സാഗ്വാന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്നത്. ക്രിമിനല്‍ നിയമങ്ങളില്‍ എല്‍എല്‍എം നേടിയ വ്യക്തിയാണ് കരണ്‍. ബ്രിട്ടീഷ് കാലത്തുള്ള ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് എന്നിവയെ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്ലിനേക്കുറിച്ച് പറയുമ്പോഴാണ് കരണ്‍റെ പരാമര്‍ശം.

ബില്ലിനേക്കുറിച്ച് കരയണോ അതോ ചിരിക്കണോ എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് താനുമുള്ളത്. തന്റെ പക്കല്‍ ഒരുപാട് കേസുകളുടെ വിവരമുണ്ട്, തയ്യാറാക്കിയ നോട്ടുകളുമുണ്ട്. ഇതെല്ലാം ഒരുപാട് പണിപ്പെട്ട് തയ്യാറാക്കിയതാണ്. നിങ്ങളും ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനായി അഭ്യസ്ത വിദ്യരായ നേതാക്കളെ തെരഞ്ഞെടുക്കണം. കാര്യങ്ങള്‍ മനസിലാക്കുന്ന വിദ്യാഭ്യാസമുള്ളവരെ തെരഞ്ഞെടുക്കുക. പേരുമാറ്റാന്‍ മാത്രം അറിയുന്നവരെ തെരഞ്ഞെടുക്കരുത്. നിങ്ങളുടെ തീരുമാനം കൃത്യമായിരിക്കണം എന്നാണ് കരണ്‍ വിശദമായി പറയുന്നത്.

അധ്യാപകന്‍റെ ഉപദേശം കുറഞ്ഞ സമയത്തിനുള്ളില്‍ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് പ്രതികരിക്കുന്നത്. കരണിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതില്‍ ഏറിയ പങ്കുമെന്നതും ശ്രദ്ധേയമാണ്. വീഡിയോ വിവാദമായതിനേക്കുറിച്ച് അണ്‍അക്കാദമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios