കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ല; ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
ലോക്ക്ഡൗൺ കാരണം ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്ന് ഇയാളുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ലഖ്നൗ: ലോക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരി സ്വദേശിയായ ഭാനു പ്രകാശ് ഗുപ്ത (50) ആണ് വെള്ളിയാഴ്ച മരിച്ചത്. കുടുംബത്തിന്റെ പട്ടിണി കാണാന്‍ കഴിയാതെ ഇയാൾ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഷാജഹാന്‍പുരിലെ ഒരു ഹോട്ടലിലെ തൊഴിലാളി ആയിരുന്നു ഭാനു പ്രകാശ്. ഭാര്യയും നാലു കുട്ടികളും സുഖമില്ലാത്ത അമ്മയുമടക്കമുള്ള കുടുംബം കഴിഞ്ഞിരുന്നത് ഭാനു പ്രകാശിന്റെ വരുമാനത്താലായിരുന്നു. ലോക്ക്ഡൗൺ കാരണം ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്ന് ഇയാളുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
'റേഷൻ കട വഴി ലഭിച്ച അരിയും ഗോതമ്പും വീട്ടിലുണ്ട്. അത് നല്‍കിയതില്‍ നന്ദി,എന്നാല്‍ കുടുംബത്തിന് കഴിയാന്‍ അത് മതിയാവില്ല. പഞ്ചസാര, പാല്‍, ഉപ്പ് തുടങ്ങിയ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ എന്റെ പക്കൽ പണമില്ല' ഭാനു പ്രകാശിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സുഖമില്ലാത്ത അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നും ജില്ലാ ഭരണകൂടം ഒരു സഹയവും നല്‍കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഭാനു പ്രകാശിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.