Asianet News MalayalamAsianet News Malayalam

ജീൻസും ടീഷർട്ടും ധരിക്കുന്നു, ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു; ഉദയനിധി സ്റ്റാലിനെതിരെ ഹർജി

ഉദയനിധി ഔദ്യോഗിക പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നെല്ലാമാണ് പരാതി

Udhayanidhi Stalin wearing jeans t shirt casual footwear at official events Plea before Madras High Court
Author
First Published Oct 19, 2024, 11:06 AM IST | Last Updated Oct 19, 2024, 11:06 AM IST

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ വസ്ത്രധാരണത്തിനെതിരെ ഹർജി. സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നെല്ലാമാണ് പരാതി. അഭിഭാഷകൻ സത്യകുമാർ ആണ്‌ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ ഉദയനിധിയോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 

ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹർജിയിൽ പറയുന്നു. സർക്കാർ പരിപാടികളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പൊതുപ്രവർത്തകർക്ക് വിലക്കുള്ളതിനാൽ ഇത് ശരിയല്ലെന്നാണ് അഭിഭാഷകന്‍റെ വാദം. ഹർജി ഇതുവരെ കോടതി പരിഗണനയ്ക്ക് എടുത്തിട്ടില്ല. 

തമിഴ് തായ് വാഴ്ത്ത് വിവാദം

അതിനിടെ തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന്‍, മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചു. വിവാദത്തില്‍ ദൂരദർശൻ മാപ്പ് പറഞ്ഞു.

ദൂരദർശനിലെ ചടങ്ങിനിടെ സംസ്ഥാന ഗാനത്തിലെ ദ്രാവിഡനാട് എന്ന വരി ഒഴിവാക്കിയതാണ് വിവാദമായത്. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയാണ് വീണ്ടും ഗവർണർ - സർക്കാർ പോരിന് വഴിതുറന്നത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ഗവർണർ ചടങ്ങിനെത്തിയത്. സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക ഗാനമായ തമിഴ് തായ് വാഴ്ത്ത് മൂന്ന് സ്ത്രീകൾ ചേർന്ന്  ആലപിച്ചപ്പോൾ ദ്രാവിഡ നാട് എന്നുള്ള വരി വിട്ടുപോയി. പിന്നാലെ തമിഴ് ഭാഷാവാദം, വിഘടനവാദ അജണ്ട എന്നെല്ലാം ആഞ്ഞടിച്ച് ഗവർണർ പ്രസംഗിക്കുകയും ചെയ്തു. പിന്നാലെ തമിഴ് തായ് വാഴ്ത്തിലെ വരി വെട്ടിയെന്ന വിമർശനം ഉയരുകയായിരുന്നു.

എയർപോർട്ട് ജീവനക്കാരനൊപ്പം യാത്രക്കാരനും ശുചിമുറിയിലേക്ക്, സംശയം; പിടികൂടിയത് 1.27 കിലോഗ്രാം സ്വർണപ്പൊടി

Latest Videos
Follow Us:
Download App:
  • android
  • ios