തുടക്കമിട്ടത് 1999ൽ, കാൽനൂറ്റാണ്ട് നീണ്ട കാത്തിരിപ്പ്, മറികടന്നത് വൻവെല്ലുവിളി; കന്യാകുമാരി-കശ്മീർ ട്രെയിൻ ഉടൻ
ദില്ലിയിൽ നിന്ന് വന്ദേഭാരതിൽ കശ്മീർ താഴ്‍വരയിൽ എത്താൻ ഇനി 13 മണിക്കൂർ മതി.
ശ്രീനഗർ: കാൽനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കന്യാകുമാരി മുതൽ ബാരാമുള്ള വരെ തടസ്സങ്ങളില്ലാത്ത റെയിൽവേ റൂട്ട് ഒരുങ്ങുന്നത്. കട്ര - ബനിഹാൽ സെക്ഷൻ കൂടി പൂർത്തിയായതോടെ പുതിയ ട്രെയിൻ സർവീസുകൾ ഉടൻ തുടങ്ങും. ദില്ലിയിൽ നിന്ന് വന്ദേഭാരതിൽ കശ്മീർ താഴ്‍വരയിൽ എത്താൻ ഇനി 13 മണിക്കൂർ മതി.
ജമ്മുവിനെയും കശ്മീരിനെയും റെയിൽറൂട്ട് വഴി പൂർണമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉദ്ദംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽവേ ലിങ്ക് പ്രൊജക്ടിന് തുടക്കമിട്ടത് 1999ലാണ്. ആകെ 279 കിലോമീറ്റർ ദൂരം. പക്ഷെ ഈ ദൂരം പിന്നിടാൻ ഇന്ത്യൻ റെയിൽവേ എടുത്തത് കാൽനൂറ്റാണ്ടാണ്. അതിലേറ്റവും ബുദ്ധിമുട്ടേറിയ ഭാഗമായിരുന്നു കട്ര - ബനിഹാൾ സെക്ഷൻ.
കട്ര- ബനിഹാൾ സെക്ഷനിൽ നീളം 111 കിലോമീറ്ററാണ്. ഇതിൽ ചെനാബും അൻജിയും ഉൾപ്പെടെ 37 പാലങ്ങൾ. റിയാസിയും ബക്കലും ദുഗ്ഗയും സവാൽകോട്ടയും അടക്കം നാല് പ്രധാന സ്റ്റേഷനുകൾ. മീഥെയ്ൻ ഗ്യാസ് പോക്കറ്റുകളും വെള്ളക്കെട്ടുകളും ഒക്കെ ഒളിപ്പിച്ച മലയിടുക്കൾ. മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും അടക്കമുള്ള വെല്ലുവിളികൾ. ഇതെല്ലാം മറികടന്നാണ് പാലങ്ങളും ടണലുകളും കെട്ടിപൊക്കി, കട്ര - ബനിഹാൾ സെക്ഷൻ ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കിയത്.
ഇനി ഇന്ത്യയുടെ തെക്കേയറ്റം കന്യാകുമാരിയിൽ നിന്ന് ട്രെയിൽ കയറിയാൽ വടക്കേയറ്റത്ത് ബാരാമുള്ളയിൽ ചെന്നിറങ്ങാം. ദില്ലിയിൽ നിന്ന് 13 മണിക്കൂർ കൊണ്ട്, 800 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ശ്രീനറിലെത്താം. ജമ്മുവും കശ്മീരും തമ്മിൽ ഇടവിടാതെ ട്രെയിൻ സർവീസുകൾ നടത്താം. അനന്തമായ ടൂറിസം സാധ്യതകളും വികസന സാധ്യതകളും ഒക്കെ ചൂളം വിളിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് താഴ്‍വാരം. ഒരു രാജ്യം, കാൽനൂറ്റാണ്ടായി സ്വപ്നം കണ്ട ഒരു റെയിൽ പാത അങ്ങനെ തുറക്കുകയാണ്. ഇനി പറയാം, കശ്മീർ റെയിൽ കണക്ടറ്റഡ്.