'ബൈജൂസ് ഓഫീസിലെ ടിവി അഴിച്ചുകൊണ്ട് പോയി അച്ഛനും മകനും'; ഒരൊറ്റ കാരണം, വീഡിയോ
പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് അച്ഛനും മകനും ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്.
ഉദയ്പൂര്‍: പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബൈജൂസ് ഓഫീസിലെ ടെലിവിഷന്‍ എടുത്തു കൊണ്ടുപോകുന്നവരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. കഴിഞ്ഞദിവസം ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് അച്ഛനും മകനും ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. ഇരുവരും ടിവി അഴിക്കുന്നതും വാതില്‍ തുറന്ന് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ ഓഫീസ് ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുമ്പോഴാണ് റീഫണ്ട് നല്‍കിയാല്‍ ടിവി തിരികെ നല്‍കാമെന്ന് ഇരുവരും പറഞ്ഞത്. 'സേവനം ഇഷ്ടപ്പെടാത്തത് കൊണ്ട് പ്ലാന്‍ റദ്ദാക്കിയിരുന്നു. നല്‍കിയ തുക തിരിച്ചു നല്‍കാമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പണം തിരികെ നല്‍കിയില്ല. നിരവധി തവണ ഓഫീസില്‍ എത്തിയിട്ടും അവര്‍ പണം നല്‍കാന്‍ തയ്യാറായില്ല.' ഇതോടെയാണ് ടിവി എടുത്ത് കൊണ്ടുപോകുന്നതെന്നും വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെയും കമ്പനിയോ ബൈജൂസ് ജീവനക്കാരോ പ്രതികരിച്ചിട്ടില്ല.
അതേസമയം, ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കാനായി മാര്‍ക് സക്കര്‍ബര്‍ഗ് അടക്കമുള്ള നിക്ഷേപകര്‍ അസാധാരണ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. ഈ യോഗത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നാളെ ചേരാനിരിക്കുന്ന ഓഹരി ഉടമകളുടെ ജനറല്‍ ബോഡി യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബംഗളുരുവിലെ പ്രസ്റ്റീജ് പാര്‍ക്കെന്ന കെട്ടിടത്തിലെ നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഓഫീസ് കഴിഞ്ഞയാഴ്ചയാണ് ബൈജൂസ് ഒഴിഞ്ഞത്. കൊവിഡിന് ശേഷം ബൈജൂസിന്റെ ഓഹരി മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 1.2 ബില്യണ്‍ ഡോളറിന്റെ വായ്പാ തുകയുടെ പേരിലും വിവിധ ധനകാര്യസ്ഥാപനങ്ങളുമായി നിയമയുദ്ധത്തിലാണ് ബൈജൂസ്. കഴിഞ്ഞ ഒന്നരവര്‍ഷമായി ബൈജു രവീന്ദ്രന്‍ ദുബായിലും ദില്ലിയിലുമായി മാറി മാറിയാണ് താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കക്കള്ളി ഇല്ലാതായാല്‍ ബൈജു രാജ്യം വിട്ടേക്കുമെന്ന സൂചനയുള്ളതിനാലാണ് ഇഡി നോട്ടീസ് പുറപ്പെടുവിച്ചത്.
'നല്ലനടപ്പു കാലാവധി അവസാനിച്ചു, ഇനി നടപടി'; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എംവിഡി മുന്നറിയിപ്പ്