ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം: ഉത്തരാഖണ്ഡ്, കർണാടക എന്നിവിടങ്ങളിലെ മന്ത്രിമാർക്ക് കൊവിഡ്
കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ഹോം ഐസൊലേഷനിൽ കഴിയുകയായിരുന്നു മന്ത്രി മദൻ കൗശിക്.
ദില്ലി: ഉത്തരാഖണ്ഡ്, കർണാടക എന്നിവിടങ്ങളിലെ രണ്ട് മന്ത്രിമാർക്ക് കൊവിഡ്. ഉത്തരാഖണ്ഡിലെ നഗരവികസന വകുപ്പ് മന്ത്രി മദൻ കൗശികിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് മന്ത്രിയുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞതെന്ന് ഉത്തരാഖണ്ഡ് വിധാൻ സഭ സെക്രട്ടറിയേറ്റിൽ നിന്നും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നിർദ്ദേശത്തെ തുടർന്ന് മന്ത്രിയെ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ഹോം ഐസൊലേഷനിൽ കഴിയുകയായിരുന്നു മന്ത്രി മദൻ കൗശിക്.
കർണാടകത്തിലെ തൊഴിൽ വകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിനും ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്കും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് വീടിനുള്ളിൽ തന്നെ ചികിത്സയിൽ കഴിയുകയാണെന്നും ലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം തന്നെയാണ് അറിയിച്ചത്. 'ഞാനും ഭാര്യയും കൊവിഡ് പരിശോധനയ്ക്ക് വിധേയരായതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതുവരെ കൊവിഡ് ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിട്ടില്ല. ഡോക്ടേഴ്സിന്റെ നിർദ്ദേശമനുസരിച്ച് ഹോം ക്വാറന്റൈനിൽ തന്നെ തുടരാനും വീട്ടിൽ ചികിത്സിക്കാനും തീരുമാനിച്ചു.' ഹെബ്ബാർ ട്വീറ്റ് ചെയ്തു.
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി യെദിയൂരപ്പ, വനംവകുപ്പ് മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ടി രവി, ആരോഗ്യമന്ത്രി ശ്രീരാമുലു, പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന മേധാവി ഡി കെ ശിവകുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പൂർണ്ണ രോഗമുക്തി നേടുകയും ചെയ്തിരുന്നു.