ടയറിനു മുന്നിൽ കുടുങ്ങിയ യുവാക്കളെയും വലിച്ചിഴച്ച് പായുന്ന ട്രക്ക്; ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആളുകൾ ഒടുവിൽ ട്രക്കിനെ ഓവർടേക്ക് ചെയ്ത് മുന്നിലെത്തിയ ശേഷം തടഞ്ഞുനിർത്തുകയായിരുന്നു.
ലക്നൗ: അതിവേഗം പായുന്ന ട്രക്കിന്റെ ടയറിനിടയിൽ നിന്ന് തല പുറത്തേക്ക് നീട്ടി സഹായത്തിനായി നിലവിളിക്കുന്ന യുവാവിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്കുമായാണ് യുവാവ് ട്രക്കിന്റെ മുന്നിൽ കുടുങ്ങിക്കിടന്നത്. ഇയാളെയും വഹിച്ചുകൊണ്ട് വാഹനം അതിവേഗത്തിൽ ഹൈവേയിലൂടെ മുന്നോട്ടു നീങ്ങുന്നതാണ് 36 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്.
ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിലാണ് സംഭവം. സാകിർ എന്ന യുവാവാണ് വാഹനത്തിനടിയിലായത്. ഇയാൾക്കൊപ്പം സുഹൃത്തായ മറ്റൊരാൾ കൂടി വാഹനത്തിനടിയിൽ കുടുങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ബൈക്കിൽ വരികയായിരുന്ന തങ്ങൾ ട്രക്കിനെ ക്രോസ് ചെയ്യുന്ന സമയത്ത് പെട്ടെന്ന് വേഗത്തിൽ ട്രക്ക് മുന്നോട്ടെടുക്കുകയായിരുന്നു എന്ന് ഇവർ പറഞ്ഞു. ബൈക്കും ഇവരുടെ കാലുകളും ട്രക്കിന്റെ മുൻഭാഗത്ത് കുടുങ്ങി. ഇവരെയും ബൈക്കിനെയും വലിച്ചിഴച്ചു കൊണ്ട് ട്രാക്ക് മുന്നോട്ട് നീങ്ങി. തങ്ങൾ ഉറക്കെ നിലവിളിച്ചിട്ടും വാഹനം നിർത്തിയില്ലെന്നും ഇവർ ആശുപത്രി കിടക്കയിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു.
യുവാവ് തല പുറത്തേക്ക് നീട്ടി സഹായം തേടുന്നത് കണ്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാർ ട്രക്കിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കടന്ന് വാഹനം നിർത്തിക്കുകയായിരുന്നു. പിന്നാലെ വാഹനത്തിനടുത്ത് ചെറിയ ആൾക്കൂട്ടവുമുണ്ടായി. ഒരു സംഘം ആളുകൾ ട്രക്ക് ഡ്രൈവറെ മർദിച്ചു. ചിലർ ഡ്രൈവറെ ചവിട്ടുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ ട്രക്കിനെ തള്ളിമാറ്റി യുവാക്കളെ പുറത്തിറക്കുന്നത് വീഡിയോയിൽ കാണാം. ഇവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം