'കുടുംബ കാര്യമൊക്കെ പിന്നെ, അവധിക്കും ജോലി ചെയ്യണം'; ജീവനക്കാരെ അധിക്ഷേപിച്ച് ബാങ്ക് ഓഫീസർമാർ, വീഡിയോ പുറത്ത്
വീഡിയോ വൈറലായതോടെ രണ്ട് ബാങ്കുകളും വിശദീകരണവുമായി രംഗത്തെത്തി
ദില്ലി: രണ്ട് ബാങ്കുകളിൽ നിന്നുള്ള രണ്ട് വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. ടാർഗറ്റ് തികയ്ക്കാത്തതിന് ജൂനിയർ ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് പുറത്തുവന്നത്. കുടുംബത്തിന്‍റെ കാര്യങ്ങള്‍ മാറ്റിവെച്ച് അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്ന് സമ്മർദം ചെലുത്തി. തൊഴിലിടത്തിലെ ധാർമികത, തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചയ്ക്ക് വീഡിയോ തുടക്കമിട്ടു. ഒടുവിൽ ബാങ്കുകള്‍ വിശദീകരണവുമായി രംഗത്തെത്തി.
ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും വീഡിയോ കോണ്‍ഫറൻസ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജോലിയേക്കാൾ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുൻഗണന നൽകിയെന്ന് പറഞ്ഞാണ് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ലോകപതി സ്വെയിൻ ജീവനക്കാരെ ശകാരിച്ചത്. നിശ്ചിത സമയത്തിലും കൂടുതൽ ജോലി ചെയ്യാനും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ മറക്കാനുമാണ് ഓഫീസർ ആവശ്യപ്പെട്ടത്. അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്ന് ആക്രോശിച്ചു. താൻ തന്‍റെ കുടുംബത്തെ കാര്യമാക്കുന്നില്ലെന്നും ഓഫീസർ പറഞ്ഞു. കാനറ ബാങ്കിനെ കുറിച്ചാണ് തന്‍റെ ചിന്തയെന്നും ഓഫീസർ പറഞ്ഞു. തിങ്കള്‍ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ജോലി പൂർത്തിയാകുന്നില്ലെങ്കിൽ അവധി ദിവസങ്ങളിലും ജോലി ചെയ്യണം. അനുസരിക്കാൻ തയ്യാറല്ലെങ്കിൽ കാര്യങ്ങള്‍ മാറുമെന്നും ഓഫീസർ പറഞ്ഞു.
'ഒത്തൊരുമിച്ചാൽ നമുക്ക് കഴിയും' എന്നാണ് കാനറ ബാങ്കിന്‍റെ ടാഗ് ലൈൻ. എന്നിട്ട് കുടുംബത്തെ പരിപാലിക്കരുതെന്ന് പറയുന്നു. നമ്മൾ എല്ലാവരും ജോലി ചെയ്യുന്നത് കുടുംബത്തിന് വേണ്ടിയാണ്, അല്ലാതെ നമുക്കുവേണ്ടിയല്ല എന്ന കുറിപ്പോടെ ഗരീബ് ബാങ്കർ എന്ന അക്കൌണ്ടിലാണ് വീഡിയോ വന്നത്. പിന്നാലെ പ്രതികരണവുമായി ബാങ്ക് രംഗത്തെത്തി. കാനറ ബാങ്ക്, ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സംഭാവനകളെ എപ്പോഴും വിലമതിക്കുന്നു എന്നാണ് ബാങ്കിന്‍റെ പ്രതികരണം. ഏതെങ്കിലുമൊരു ജീവനക്കാരന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റവും വ്യക്തിപരമായ അഭിപ്രായവും ബാങ്ക് അംഗീകരിക്കുന്നില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും ബാങ്ക് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
പുറത്തുവന്ന മറ്റൊരു വീഡിയോ ബന്ധൻ ബാങ്ക് ഉദ്യോഗസ്ഥനായ കുനാൽ ഭരദ്വാജിന്‍റേതാണ്. മാർച്ചിൽ നടന്ന സംഭവമാണ് പുറത്തുവന്നത്. ടാർഗറ്റ് കൈവരിക്കാത്ത ജൂനിയർ ജീവനക്കാരനോട് ഓഫീസർ ആക്രോശിച്ചു. ജീവനക്കാരനെ അധിക്ഷേപിച്ച ഓഫീസർ നാണമില്ലേയെന്നാണ് ചോദിച്ചത്. ജീവനക്കാരൻ ക്ഷമ ചോദിച്ച് പ്രകടനം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ 'നിനക്ക് ലജ്ജയുണ്ടോ, ഇത് മാർച്ച് മാസമാണ്' എന്നായിരുന്നു ഓഫീസറുടെ മറുപടി. പിന്നാലെ ബന്ധൻ ബാങ്കും പ്രതികരിച്ചു. ബന്ധൻ ബാങ്ക് ഇത്തരം പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്നുവെന്നും വ്യക്തമാക്കി. ബാങ്കിന്‍റെ നയത്തിന് അനുസൃതമായി ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ബാങ്ക് വിശദീകരിച്ചു.
ബാങ്കുകളുടെ വിശദീകരണം വന്നെങ്കിലും വീഡിയോകൾ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങള്‍ക്കിടയാക്കി. നിങ്ങളുടേത് പോലുള്ള സ്ഥാപനത്തിൽ ഇത്തരം ആയിരക്കണക്കിന് സംഭവങ്ങളുണ്ടാകുന്നുണ്ട്. എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നാണ് ഒരാളുടെ ചോദ്യം. നിങ്ങൾ എന്ത് മൂല്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്? ഭീഷണിപ്പെടുത്തൽ, സമ്മർദ്ദം ചെലുത്തൽ, ജീവനൊടുക്കാൻ പ്രേരിപ്പിക്കൽ എന്നാണ് മറ്റൊരു പ്രതികരണം.