വൻ ട്വിസ്റ്റ്; ഉപേക്ഷിക്കപ്പെട്ട കാറിൽ 52 കിലോ സ്വർണവും 11 കോടിയും കിട്ടിയതിൽ മുൻ കോൺസ്റ്റബിളിലേക്ക് അന്വേഷണം
പല ഏജൻിസികൾ കേസിന്റെ പല വശങ്ങളാണ് അന്വേഷിക്കുന്നത്. ആശ്രിത നിയമനത്തിലൂടെ സർവീസിൽ കയറിയ ഒരു മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ നീക്കങ്ങൾ
ഭോപ്പാൽ: ഏതാനും ദിവസം മുമ്പാണ് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ഇന്നോവ കാർ വാർത്തകളിൽ നിറഞ്ഞത്. 52 കിലോഗ്രാം സ്വർണവും 11 കോടി രൂപയുമാണ് ഭോപ്പാലിലെ വിദൂരമായ പ്രദേശത്തെ മെണ്ടോരി കാട്ടിൽ നിർത്തിയിട്ട കാറിനുള്ളിൽ കണ്ടത്. ആയുധധാരികളായ ഏതാനും പേർ കാർ ഉപേക്ഷിക്കുന്നത് കണ്ടെന്ന് പ്രദേശവാസികളിൽ പലരും പറഞ്ഞിരുന്നു. പിന്നാലെ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെത്തി കാറും സ്വർണവും പണവും കസ്റ്റഡിയിലെടുത്തു.
പിന്നാലെ കേസിൽ വൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഒരു മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടക്കുന്ന കോടികളുടെ ഇടപാടാണ് പുറത്തുവരുന്നത്. ആദായ നികുതി വകുപ്പിന് പുറമെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, ലോകായുക്ത എന്നിവയെല്ലം കേസിന്റെ വിവിധ വശങ്ങൾ അന്വേഷിക്കുകയാണ്. മദ്ധ്യപ്രദേശ് ഗതാഗത വകുപ്പിൽ കോൺസ്റ്റബിളായിരുന്ന സൗരഭ് ശർമ എന്നയാളാണ് അന്വേഷണങ്ങളുടെയെല്ലാം കേന്ദ്രം. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.87 കോടി രൂപയും 234 കിലോ വെള്ളിയും ഉൾപ്പെടെ 7.98 കോടി രൂപയുടെ ആസ്തികൾ കണ്ടെത്തിക്കഴിഞ്ഞു.
പണം കണ്ടെത്തിയ കാർ ചേതൻ ഗൗർ എന്നയാളുടെ പേരിലാണ്. ഇപ്പോൾ അന്വേഷണം നീളുന്ന സൗരഭ് ശർമയുടെ കൂട്ടാളിയാണ് ഇയാളും. സൗരഭ് ഇപ്പോൾ ദുബായിലേക്ക് കടന്നതായാണ് വിവരം. പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ ഏജൻസികൾ നടത്തുന്ന ശ്രമങ്ങളിൽ, ഇയാളെക്കുറിച്ചുള്ള വലിയ കഥകളാണ് പുറത്തുവരുന്നത്. ഗതാഗത വകുപ്പിൽ കോൺസ്റ്റബിളായ സൗരഭ് ശർമ ജോലി രാജിവെച്ച് പിന്നീട് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നതും ഒപ്പം ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ട അഴിമതി കഥകളും ഇതൊടൊപ്പം വെളിച്ചത്തു വരുന്നു.
സൗരഭിന്റെ അച്ഛൻ ആർ.കെ ശർമ സർക്കാർ ഡോക്ടറായിരുന്നു. 2015ൽ ഇയാൾ മരണപ്പെട്ടതോടെ ആശ്രിത നിയമനമായാണ് സൗരഭിന് ജോലി കിട്ടിയത്. അത് 2023ൽ രാജിവെച്ചു. ശേഷം റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്ന് പ്രമുഖ ബിൽഡർമാരുമായി അടുപ്പം സ്ഥാപിച്ചു. ശേഷം വൻതോതിലുള്ള വളർച്ചയാണ് കണ്ടത്. ഒരു സ്കൂളും ഹോട്ടലുകളും മറ്റ് നിരവധി സ്ഥാപനങ്ങളും ഇയാളുടെയും അമ്മയുടെയും ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ പേരിൽ ഉണ്ടായിവന്നു.
ഏകദേശം 100 കോടി രൂപയുടെ അനധികൃത ഇടപാടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ കണ്ണികളായ വലിയ അഴിമതി കഥകളും പുറത്തുവരുന്നുണ്ട്. 52 ജില്ലകളിലും ഈ കണ്ണികൾ പ്രവർത്തിച്ചിരുന്നത്രെ. ചോദ്യം ചെയ്യാനായി കുടുംബാംഗങ്ങളെ ഉൾപ്പെടെ അന്വേഷണ ഏജൻസികൾ വിളിപ്പിച്ചിരിക്കുകയാണ്. സൗരഭിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം