കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവാഹം തടസ്സപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിന് സസ്പെന്‍ഷന്‍
വരനോടും വധുവിനോടും ബന്ധുക്കളോടും ഉടന്‍ തന്നെ സ്ഥലം വിടണമെന്ന് നിര്‍ദ്ദേശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ചടങ്ങുകള്‍ നടത്താനുള്ള അനുമതിപത്രം ജില്ലാ മജിസ്ട്രേറ്റ് കീറി എറിഞ്ഞിരുന്നു.
അഗര്‍ത്തല: കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് വിവാഹച്ചടങ്ങുകള്‍ പാതിക്ക് നിര്‍ത്തിച്ച ജില്ലാ മജിസ്ട്രേറ്റിന് സസ്പെന്‍ഷന്‍. ത്രിപുര വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ ജാദവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്. അര്‍ധരാത്രി വരെ നീണ്ട വിവാഹച്ചടങ്ങുകള്‍ നിര്‍ത്തിക്കുന്ന ശൈലേഷ് കുമാര്‍ ജാദവിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇത്.
നേരത്തെ ഇത് സംബന്ധിച്ച വിശദീകരണവുമായി പ്രത്യേക സമിതിക്ക് മുന്‍പാകെ ഇദ്ദേഹം ഹാജരായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്‍റെ നിര്‍ദ്ദേശമനുസരിച്ച് മുതിര്‍ന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയാണ് സംഭവം പരിഗണിച്ചത്. അന്ന് രാത്രി നടന്ന സംഭവങ്ങളില്‍ തെറ്റായൊന്നും നടന്നിട്ടില്ലെന്നും നിയമം പ്രാവര്‍ത്തികമാക്കുകയെന്നത് തന്‍റെ ചുമതലയാണെന്നും ശൈലേഷ് കുമാര്‍ ജാദവ് കമ്മിറ്റിയെ അറിയിച്ചു.
കൊവിഡ് പടരാതിരിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു നടപടിയെന്നും ശൈലേഷ് വ്യക്തമാക്കി. വീഡിയോ വൈറലായതിന് പിന്നാലെ ത്രിപുരയിലെ അഞ്ച് എംഎല്‍എമാരാണ് ശൈലേഷ് കുമാര്‍ ജാദവിനെതിരെ നടപടി ആവശ്യപ്പെട്ടത്. ത്രിപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ടിഐപിആര്‍എയുടെ ഉടമസ്ഥതയിലുള്ള അഗര്‍ത്തലയിലെ വേദിയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വരനോടും വധുവിനോടും ബന്ധുക്കളോടും ഉടന്‍ തന്നെ സ്ഥലം വിടണമെന്ന് നിര്‍ദ്ദേശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
ചടങ്ങുകള്‍ നടത്താനുള്ള അനുമതി ഉണ്ടെന്ന് വീട്ടുകാര്‍ ശൈലേഷ് കുമാര്‍ ജാദവിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ അനുമതിപത്രം ജില്ലാ മജിസ്ട്രേറ്റ് കീറി എറിയുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. എംഎല്‍എയായ ആശിഷ് സാഹ, സുശാന്ത ചൗധരി അടക്കമുള്ള ബിജെപി നേതാക്കള്‍ ശൈലേഷ് കുമാര്‍ ജാദവിനെ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടിയെത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona