ക്വാറന്‍റീന്‍ സൗകര്യം ഒരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരളം; ഗുജറാത്തിൽ നിന്നുള്ള ട്രെയിന്‍ റദ്ദാക്കി

ക്വാറന്‍റീൻ സൗകര്യങ്ങളടക്കം ഒരുക്കുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ട്രെയിന്‍ സര്‍വീസ് നീട്ടാന്‍ കേരളം ഔഗ്യോഗികമായി ആവശ്യപ്പെട്ടതെന്ന് ഗുജറാത്തിലെ നോഡൽ ഓഫീസർ ഭാരതി ഐഎഎസ് പറഞ്ഞു.

train from Gujarat to kerala cancelled

വാപ്പി: ഗുജറാത്തില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് കേരളത്തിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നീട്ടി. ക്വാറന്‍റീൻ സൗകര്യങ്ങളടക്കം ഒരുക്കുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ട്രെയിന്‍ സര്‍വീസ് നീട്ടാന്‍ കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടതെന്ന് ഗുജറാത്തിലെ നോഡൽ ഓഫീസർ ഭാരതി ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഇതെ തുടര്‍ന്ന് രാജ്കോട്ടിൽ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിന്‍ റദ്ദാക്കുകയായിരുന്നു.

പതിനായിരങ്ങൾ കൂലി നൽകി ടാക്സി വിളിച്ച് നാട്ടിലെത്തിന്‍ കഴിയാത്തവരാണ് കേരളത്തിന്‍റെ സമ്മതം കാത്ത് ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്നത്. നാട്ടിലെത്തേണ്ടവരുടെ കണക്കടക്കം കഴിഞ്ഞ ആഴ്ച കേരളം ഗുജറാത്തിന് കത്തയച്ചിരുന്നു. കത്തിന്‍റെ അടിസ്ഥാനത്തിലാണ് 1600 പേരുമായി രാജ്കോട്ടിൽ നിന്ന് ട്രെയിൻ അയക്കാന്‍ ഗുജറാത്ത് സർക്കാർ തയാറെടുത്തത്. ഗുജറാത്തിൽ വഡോദര വാപ്പി എന്നിവിടങ്ങളിൽ സ്റ്റോപ്പും തീരുമാനിച്ചു. ഇവിടെ യാത്രക്കാരെ എത്തിക്കാനുള്ള ബസ് സൗകര്യവും മെഡിക്കൽ സ്ക്രീനിംഗ് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഒരുക്കി. ടിക്കറ്റിനുള്ള പണം മലയാള സമാജം പ്രവർത്തകർ ശേഖരിക്കുകയും ചെയ്തു. പക്ഷെ ഇന്നലെ രാവിലെ കേരളം എതിർപ്പുമായി എത്തി.

നിലവിലെ കേന്ദ്രനിർദ്ദേശപ്രകാരം കേരളത്തിന്‍റെ അനുമതി ഇല്ലാതെ തന്നെ ഗുജറാത്തിന് കേരളത്തിലേക്ക് ട്രെയിൻ അയയ്ക്കാം. എന്നാൽ കേരളത്തിന്‍റെ അഭ്യർഥന മാനിക്കാനാണ് ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച അഹമ്മദാബാദിൽ നിന്നും സമാന രീതിയിൽ കേരളത്തിന്‍റെ എതിർപ്പ് കാരണം ട്രെയിൻ യാത്ര മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇനിയും വൈകാതെ കേരളം അനുഭാവപൂർവമായ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് കുടുങ്ങിക്കിടക്കുന്നവർ.

Latest Videos
Follow Us:
Download App:
  • android
  • ios