സേഫ്റ്റി ബെൽറ്റ് പൊട്ടി, അഞ്ചാം നിലയിൽ നിന്ന് വീണ് പെയിന്റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം; കരാറുകാരനെതിരെ പരാതി
സുരക്ഷാ ബെൽറ്റ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്ന് അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൊഴി നൽകിയിട്ടുണ്ട്.
ബംഗളുരു: അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് പെയിന്റിങ് തൊഴിലാളി മരിച്ച സംഭവത്തിൽ കേസെടുത്തു. രണ്ട് ദിവസം മുമ്പ് ബംഗളുരുവിലാണ് ദാരുണമായ അപകടമുണ്ടായത്. ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ പെയിന്റ് അടിക്കുന്നതിനിടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
നോർത്ത്-ഈസ്റ്റ് ബംഗളുരുവിൽ തനിസാന്ദ്ര മെയിൻ റോഡിലുള്ള ശോഭ ക്രൈസാന്തിമം അപ്പാർട്ട്മെന്റിലാണ് അപകടം സംഭവിച്ചത്. വൈറ്റ്ഫീൽഡ് സ്വദേശിയായ ആർ കൃഷ്ണ (44) അഞ്ചാം നിലയിലെ ബാൽക്കണിയിൽ ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. കൃഷ്ണയുടെ ഭാര്യ ശാന്തമ്മ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കരാറുകരായ നരേന്ദ്ര ബാബു, കൃഷ്ണ എന്നിവരെ പ്രതിയാക്കി പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജോലി സമയത്ത് കൃഷ്ണ ധരിച്ചിരുന്ന സുരക്ഷാ ബെൽറ്റ് പൊട്ടുകയായിരുന്നു എന്ന് അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും പൊലീസിനോട് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം