കൊവിഡ് വാക്സിന്‍റെ വില നിര്‍ണ്ണയം; തീര്‍ത്തും നീതിരഹിതമായ കാര്യമെന്ന് തമിഴ്നാട്
ഇപ്പോഴത്തെ വാക്സിന്‍ നയം സംസ്ഥാനത്തിന് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതി കത്തില്‍ പറയുന്നു
ചെന്നൈ; കൊവിഡ് വാക്സിന് വിവിധതരത്തിലുള്ള വില എന്നത് നീതിയുക്തമല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തിനുള്ള വാക്സിന്‍ വിഹിതം കേന്ദ്രം നേരിട്ട് നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പഴനിസ്വാമി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ വാക്സിന്‍ നയം സംസ്ഥാനത്തിന് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതി കത്തില്‍ പറയുന്നു.
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കുവാന്‍ മറ്റുവഴികളും കേന്ദ്രം തേടണമെന്ന് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. അതിനായി മറ്റു വിദേശ വാക്സിനുകള്‍ക്ക് അനുമതി നല്‍കണം. അവ ഇറക്കുമതി ചെയ്യണം. ഇതോടെ മാത്രമേ വാക്സിന്‍ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കൂ-തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത് പറയുന്നത്.
കേന്ദ്രസര്‍ക്കാറിന് വാക്സിന്‍ ലഭിക്കുന്ന വിലയും, സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച വിലയും തമ്മില്‍ വലിയ അന്തരമുണ്ട്. ചില വാക്സിന്‍ നിര്‍മ്മാതാക്കള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള വിലയില്‍ വലിയ വര്‍ദ്ധനവാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്ഥമായ വില നിലവാരം തീര്‍ത്തും നീതിരഹിതമായ കാര്യമാണ് - തമിഴ്നാട് മുഖ്യമന്ത്രി പറയുന്നു.
2020-21 യൂണിയന്‍ ബഡ്ജറ്റില്‍ കൊവിഡ് വാക്സിനേഷനായി 35000 കോടി പ്രഖ്യാപിച്ച കാര്യവും തമിഴ്നാട് മുഖ്യമന്ത്രി കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. മൂന്നാംഘട്ടത്തില്‍ സംസ്ഥാനം കേന്ദ്രം വാക്സിന്‍ വിതരണം ചെയ്യുമെന്നാണ് ന്യായമായും പ്രതീക്ഷതെന്നും തമിഴ്നാട് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.