കൊവിഡിന് പിന്നാലെ കര്‍ഷകന് വിനയായി 'തിരംഗ'; മഹാരാഷ്ട്രയിലെ തക്കാളിപ്പാടങ്ങളില്‍ നാശം വിതച്ച്
ഇവ നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് വിളകളെക്കൂടി ബാധിക്കുമോ എന്ന ആശങ്കയും കർഷകർ പങ്കു വയ്ക്കുന്നുണ്ട്.
മുംബൈ: തക്കാളിപ്പാടങ്ങളെ ബാധിക്കുന്ന പുതിയ രോഗം മഹാരാഷ്ട്രയിലെ കർഷകരിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. നാസിക്, അഹമ്മദ് നഗർ, സത്താര, പൂന എന്നിവിടങ്ങളിലെ തക്കാളിപ്പാടങ്ങളിലാണ് മൂപ്പെത്താതെ തക്കാളികൾ പഴുത്ത് നശിച്ചു പോകുന്ന സാഹചര്യമുണ്ടായിട്ടുള്ളത്. കഴിഞ്ഞ പത്തുദിവസങ്ങളിലായി അറുപത് മുതൽ എൺപത് ശതമാനം വരെ കാർഷിക വിളകൾ നശിച്ചു പോയിരിക്കുന്നത്.
തക്കാളികൾ നിറം മാറുകയും അകത്ത് തക്കാളിയുടെ അകത്ത് കറുത്ത നിറത്തിലുള്ള കുത്തുകൾ ഉണ്ടാകുകയും ചെയ്യുന്നു. തിരംഗാ വൈറസ് എന്നാണ് കർഷകർ വിളനാശത്തെ വിശേഷിപ്പിക്കുന്നത്. അഞ്ച് ഏക്കറിൽ നട്ടുവളർത്തിയ തക്കാളിപ്പാടം മുഴുവൻ ഇത്തരത്തിൽ നശിച്ചു പോയതായി സത്താര ജില്ലയിലുള്ള കരാഡ് രാജേന്ദ്ര കൊന്തിബ എന്ന കർഷകൻ ദ് പ്രിന്റിനോട് വെളിപ്പെടുത്തി.
മെയ് മാസത്തിൽ രണ്ടാം തവണ വിളവെടുക്കേണ്ടതാണ്. സാധാരണ 350 കൊട്ടയോളം ലഭിക്കും. എന്നാൽ ഇത്തവണ വെറും 120 കൊട്ട മാത്രമേ ലഭിച്ചുള്ളു. രാജേന്ദ്ര പറഞ്ഞു. സാധാരണ പറിച്ചെടുത്ത് മൂന്നാല് ദിവസങ്ങൾക്കുള്ളിലാണ് തക്കാളി ചീഞ്ഞു പോകുന്നത്. എന്നാൽ പുതിയ വൈറസ് ബാധ മൂലം പന്ത്രണ്ട് മണിക്കൂർ കഴിയുമ്പോഴേയ്ക്കും ചീത്തയാകുകയാണ്. ഇവ നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് വിളകളെക്കൂടി ബാധിക്കുമോ എന്ന ആശങ്കയും കർഷകർ പങ്കു വയ്ക്കുന്നുണ്ട്.