'ഗോഗിയും ടില്ലുവും തമ്മിൽ';ആത്മസ്നേഹിതരായിരുന്ന ഗ്യാങ്‌സ്റ്റർമാരുടെ ശത്രുതയ്ക്ക് കോടതിവളപ്പിൽ നാടകീയാന്ത്യം
കൂടെ അറസ്റ്റു ചെയ്യപ്പെട്ടിരുന്ന കുൽദീപ് ഫസ്സ എൻകൗണ്ടറിൽ കൊല്ലപ്പെട്ട അന്ന് മുതൽക്കുതന്നെ, താനും അധികം വൈകാതെ എൻകൗണ്ടർ ചെയ്യപ്പെട്ടേക്കാം എന്ന ഭയം ഗോഗിയെ അലട്ടിത്തുടങ്ങുന്നുണ്ട്.
ദില്ലി : രോഹിണി കോടതിയിൽ ഇന്ന് പതിവുപോലെ അഭിഭാഷകരുടെയും വ്യവഹാരക്കാരുടെയും തിരക്കുള്ള ദിവസമായിരുന്നു. എന്നാൽ, 207 കോടതിയുടെ പുറത്ത് സംഭവിച്ചത് സകലരെയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ദില്ലി പൊലീസ് ഇന്ന് അവിടെ കുപ്രസിദ്ധ ഗ്യാങ്‌സ്റ്റർ ജിതേന്ദ്ര ഗോഗിയെ ഒരു ക്രിമിനൽ കേസിന്റെ വിചാരണയ്ക്കായി ഹാജരാക്കുന്ന ദിവസമായിരുന്നു. പെട്ടെന്ന് വക്കീൽ വേഷത്തിൽ കോട്ടും സ്യൂട്ടുമിട്ടു വന്ന രണ്ടു പേർ, ഗോഗിക്കു നേരെ ചന്നംപിന്നം വെടിയുതിർത്തു. കൂടെ എസ്‌കോർട്ട് വന്ന പോലീസുകാർ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്, വെടിയുണ്ടകൾ കയറിയിറങ്ങി ഗോഗിയുടെ പ്രാണൻ പൊലിഞ്ഞു പോയി. സംയമനം വീണ്ടെടുത്ത ദില്ലി പൊലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തിൽ അക്രമണകാരികളും അതെ കോടതി വളപ്പിൽ മരിച്ചു വീണു.
ഈയൊരു സാഹചര്യത്തിൽ, സകലരും അന്വേഷിക്കുന്നത് ആരാണ് ഈ ജിതേന്ദ്ര ഗോഗി എന്നും, തലയ്ക്ക് മൊത്തം ആറുലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്ന ഇയാളെ എന്തിനാണ് എതിരാളികളായ ടില്ലു ഗ്യാങ്ങിന്റെ വാടകക്കൊലയാളികൾ വധിച്ചത് എന്നുമാണ്. മുപ്പതാം വയസ്സുമുതൽ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ച ജിതേന്ദ്ര ഗോഗി താമസിയാതെ ദില്ലി അധോലോകത്തിലെ ഏറെ കുപ്രസിദ്ധമായ ഒരു പേരായി മാറി. ഇയാളുടെ സംഘത്തിൽ ചുരുങ്ങിയത് അമ്പത് പേരെങ്കിലുമുണ്ടായിരുന്നു എന്നാണ് ദില്ലി പൊലീസ് സ്‌പെഷ്യൽ സെൽ പറയുന്നത്.
ആലിപ്പൂർ ഗ്രാമത്തിൽ നിന്ന് വന്നെത്തി ദില്ലി അധോലോകത്തിലെ ഡോൺ ആയി മാറിയ ഗോഗിയും തേജ്‌പുരിയാ ഗ്രാമത്തിൽ നിന്നെത്തി കുറ്റകൃത്യങ്ങളുടെ ലോകത്ത് സജീവമായ ടില്ലുവും തമ്മിൽ തുടക്കത്തിൽ ഉറ്റ സ്നേഹിതരായിരുന്നു എങ്കിലും, പിന്നീട് തമ്മിൽ പിണങ്ങുന്ന ഇരുവരുടെയും സംഘങ്ങൾ തമ്മിൽ തുടർച്ചയായ ഗ്യാങ് വാറുകൾ നടക്കുകയും, പരസ്പരം കൊന്നുതള്ളാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ഈ കുടിപ്പകയ്ക്കൊടുവിലാണ് ഇപ്പോൾ നാടിനെ നടുക്കിയ ഈ കൊലപാതകം അരങ്ങേറിയിരിക്കുന്നത്. 2020 -ലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ജിതേന്ദ്ര ഗോഗിയെ, മക്കോക്ക ചുമത്തി ദില്ലി പൊലീസ് അറസ്റ്റു ചെയ്യുന്നത്. അന്ന് കൂടെ അറസ്റ്റു ചെയ്യപ്പെട്ടിരുന്ന കുൽദീപ് ഫസ്സ എൻകൗണ്ടറിൽ കൊല്ലപ്പെട്ട അന്ന് മുതൽക്കുതന്നെ, താനും അധികം വൈകാതെ എൻകൗണ്ടർ ചെയ്യപ്പെട്ടേക്കാം എന്ന ഭയം ഗോഗിയെ അലട്ടിത്തുടങ്ങുന്നുണ്ട്. ഈ ആക്രമണവും ഗോഗിയുടെ കൊലപാതകവും, ഒരു തെളിവും അവശേഷിക്കാത്ത വിധത്തിൽ അക്രമികൾ രണ്ട് പേരും കൂടി കൊല്ലപ്പെട്ട സ്ഥിതിക്ക്, ആ നിലയ്ക്കുള്ള ഒരു സംശയത്തിന് ഇട നൽകുന്നുണ്ട്.
ജിതേന്ദ്ര ഗോഗിക്കുമേൽ കൊലപാതകം, തട്ടിക്കൊണ്ടുപോവൽ തുടങ്ങി വകുപ്പുകളിൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വന്നതോടൊപ്പം ഗോഗിക്ക് തലസ്ഥാനത്ത് ശത്രുക്കളും വർധിച്ചു വന്നു. ഇതിനു മുമ്പ് നടന്ന കുപ്രസിദ്ധമായ രണ്ടു കൊലപാതകങ്ങളിൽ ഗോഗിയുടെ പേര് പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. ഒന്ന്, സുപ്രസിദ്ധ ഹരിയാൻവി ഗായികയും നർത്തകിയുമായ ഹർഷിതയുടെ കൊലപാതകം. രണ്ട്, ആം ആദ്മി പാർട്ടി നേതാവായ വിരേന്ദ്ര മാനിനെ 26 വെടിയുണ്ടകൾ നിക്ഷേപിച്ച് വധിച്ച കേസ്. 2018 -ൽ ടില്ലു ഗ്യാങ്ങുമായി നടന്ന പോരാട്ടത്തിലും മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന കാലത്തും ഗോഗി ബിസിനസ്സുകാരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം പറ്റുന്ന പരിപാടി തുടർന്ന് പോയി. ഒപ്പം സുപ്പാരി കൈപ്പറ്റി ക്വട്ടേഷൻ കൊലപാതകങ്ങളും പുറത്തുള്ള തന്റെ സംഘങ്ങങ്ങളെക്കൊണ്ട് ഗോഗി നടത്തിപ്പോന്നിരുന്നു.