സ്ലീപ്പർ കോച്ചാ, എന്തുകാര്യം? നിലത്ത് തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലാത്ത യാത്രക്കാർ; വീഡിയോ, പ്രതികരിച്ച് റെയിൽവേ
സ്ലീപ്പർ കോച്ച് ജനറൽ കോച്ചായി മാറി. മിക്കവരും ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തത്. ചിലരാകട്ടെ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറിയെന്ന് പരാതി
ദില്ലി: ടിക്കറ്റ് ബുക്ക് ചെയ്താൽപ്പോലും സ്വസ്ഥമായി ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ ഇക്കാലത്തുണ്ട്. ദൃശ്യങ്ങളും ഫോട്ടോയും സഹിതം നിരവധി പരാതികള്‍ ഇതിനകം റെയിൽവേയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. താൻ യാത്ര ചെയ്ത സുഹൽദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്‍റെ സ്ലീപ്പർ കോച്ചിൽ ടിക്കറ്റില്ലാതെ നിലത്തിരുന്ന് യാത്ര ചെയ്യുന്നവരുടെ ദൃശ്യം ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ചു.
ട്രെയിൻ നമ്പർ 22420ൽ സ്പീപ്പർ കോച്ച് ജനറൽ കോച്ചായി മാറിയെന്ന് സുമിത് എന്നയാള്‍ കുറിച്ചു. മിക്കവരും ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തത്. ചിലരാകട്ടെ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറിയെന്നും അദ്ദേഹം പറഞ്ഞു. കൂടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലത്ത് തിങ്ങിഞെരുങ്ങി ഇരുന്ന് യാത്ര ചെയ്യുന്നവരെ ദൃശ്യത്തിൽ കാണാം. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധത്തിൽ ഇടനാഴിയിൽ നിറയെ ആളുകളിരിക്കുകയാണ്.
പിന്നാലെ റെയിൽവേയുടെ ഔദ്യോഗിക കസ്റ്റമർ കെയർ അക്കൗണ്ടായ റെയിൽവേ സേവ പോസ്റ്റിനോട് പ്രതികരിച്ചു. യാത്രാ വിശദാംശങ്ങളും (പിഎൻആർ/ യുടിഎസ് നമ്പർ) മൊബൈൽ നമ്പറും മെസേജിലൂടെ കൈമാറാൻ റെയിൽവേ സേവ ആവശ്യപ്പെട്ടു. http://railmadad.indianrailways.gov.in എന്ന വെബ്‌സൈറ്റിലോ 139ൽ വിളിച്ചോ പരാതി നൽകാമെന്നും റെയിൽവേ സേവ വ്യക്തമാക്കി.
നിരവധി പേർ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തി. രാജ്യത്തെ ട്രെയിനുകളിൽ ഇത് പതിവായിരിക്കുകയാണെന്ന് പലരും പറഞ്ഞു. ജനറൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം രചിത് ജെയിൻ എന്ന യാത്രക്കാരൻ എസി 3-ടയർ കോച്ചിൽ തന്‍റെ സഹോദരിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരുന്നു. കോച്ചിന്‍റെ വാതിലിന് സമീപം തിക്കും തിരക്കും കാരണം കയറാൻ പാടുപെട്ടു. അതിനിടെ സഹോദരിയുടെ കുട്ടിയുടെ കയ്യിലെ പിടിവിട്ടു. കുഞ്ഞ് പ്ലാറ്റ്ഫോമിലായിപ്പോയി. ഇതോടെ ഓടാൻ തുടങ്ങിയ ട്രെയിനിൽ നിന്ന് സഹോദരി പുറത്തേക്ക് ചാടി. ഇതോടെ വീണ് പരിക്ക് പറ്റുകയും ചെയ്തെന്ന് രചിത് കുറിച്ചു.