ഉമ്മയ്ക്കൊപ്പം നടക്കുന്ന 3 വയസുകാരി, പെട്ടെന്ന് അഞ്ചാം നിലയിൽ നിന്നും ഒരു നായ ദേഹത്തേക്ക് വീണു; ദാരുണാന്ത്യം
നായ വന്നു വീണതിന്റെ ശക്തിയിൽ കുട്ടി തറയിലേക്ക് വീഴുന്നതും പേടിച്ചരണ്ട അമ്മ ഉടനെ കുട്ടിയെ എടുക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയെ മാതാവ് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
താനെ: മുംബൈയിൽ ഉമ്മയുടെ കൈ പിടിച്ച് റോഡിലൂടെ നടന്ന് പോകവെ കെട്ടിടത്തിന് മുകളിൽ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെക്ക് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മുംബൈയിലെ അമൃത് നഗറിലെ ചിരാഗ് ബിൽഡിങ്ങിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തിരക്കേറിയ റോഡിലൂടെ ഉമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു മൂന്ന് വയസുകാരി. ഇതിനിടെ അപ്രതീക്ഷിതമായി നായ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
നായ വന്നുവീണതിന്റെ ശക്തിയിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. റോഡിനടുത്തുള്ള ഫ്ലാറ്റിലെ അഞ്ചാം നിലയിൽ നിന്നുമാണ് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ റോഡിലേക്ക് വീണത്. നായയുടെ ഉടമ ജെയ്ദ് സയ്യദ് കൈവശമായിരുന്നു നായയെന്നും അപ്രതീക്ഷിതമായി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മുംബ്ര പൊലീസ് അപകടമരണത്തിനു കേസെടുത്തു.
അതേസമയം അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ വന്നു വീണതിന്റെ ശക്തിയിൽ കുട്ടി തറയിലേക്ക് വീഴുന്നതും പേടിച്ചരണ്ട അമ്മ ഉടനെ കുട്ടിയെ എടുക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയെ മാതാവ് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് സീനിയർ പോലീസ് ഇൻസ്‌പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു.
സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പരാതി ലഭിച്ചാൽ അതനുസരിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More : സംസ്ഥാനത്ത് ആദ്യം, കാഞ്ഞിരപ്പള്ളിയിലെ 25 കാരനെ മയക്കുമരുന്ന് കേസിൽ 1 വർഷം കരുതൽ തടങ്കലാക്കാൻ ഉത്തരവ്