വിമാനത്തിലെ ശുചിമുറിയിൽ നിന്ന് കിട്ടിയ പേപ്പറിൽ 3 വാക്കുകൾ; ഉടൻ വിവരം കൈമാറി, ലാന്റിങിന് ശേഷം വിശദ പരിശോധനകൾ
രാവിലെ 8.45നാണ് പേപ്പർ കണ്ടെടുത്തത്. പരിശോധനയിൽ ഒന്നും കണ്ടെത്താനാവാതെ വന്നപ്പോൾ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.
ന്യൂഡൽഹി: ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലാന്റിങിന് ശേഷം വിശദമായ പരിശോധനകൾ നടത്തി. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 290 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് യാത്രാ മദ്ധ്യേ ഒരു ശുചിമുറിയിൽ നിന്ന് ഭീഷണി സന്ദേശം കണ്ടെടുത്തത്.
സന്ദേശം കണ്ടെത്തിയ ഉടനെ തന്നെ അധികൃതരെ വിവരം അറിയിച്ചതായി വിമാനക്കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചെന്നാണ് കമ്പനി വിശദമാക്കിയത്. വിശദമായ പരിശോധനയും പൂർത്തിയാക്കി. പക്ഷേ സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു. രാവിലെ 8.45നാണ് വിമാനത്തിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായ വിവരം ദില്ലിയിലെ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ലഭിക്കുന്നത്. മൂന്ന് മണിക്കൂറിന് ശേഷം 11.45ഓടെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യുകയായിരുന്നു.
ശുചി മുറിയിൽ നിന്ന് കിട്ടിയ പേപ്പറിൽ 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്നായിരുന്നു എഴുതിയിരുന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു. ബോയിങ് 787 വിമാനം 290 യാത്രക്കാരെയുമായി യാത്രയുടെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പേപ്പർ കണ്ടെടുക്കുന്നത്. ഇതിന് പിന്നാലെ ജീവനക്കാർ സംശയകരമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചു. ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് വിമാനം വഴിതിരിച്ചു വിട്ട് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നത്രെ. പിന്നീട് ദില്ലിയിലേക്ക് തന്നെ യാത്ര തുടരുകയും ചെയ്തു.
ലാന്റ് ചെയ്ത ശേഷം യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കിയ ശേഷം പ്രോട്ടോക്കോൾ പ്രകാരം വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി. അവിടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള തെരച്ചിലുകളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കുകയും ചെയ്തു. നടപടികളിൽ അധികൃതരുമായി കമ്പനി പൂർണമായി സഹകരിച്ചുവെന്നും വിമാനക്കമ്പനി വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം