രാജസ്ഥാനിൽ മൂന്ന് എംഎൽഎമാർക്ക് കൊവിഡ്; രോഗമുക്തി ആശംസിച്ച് അശോക് ഗെഹ്‍ലോട്ടിന്റെ ട്വീറ്റ്
അഞ്ച് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 1048 ൽ എത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ജയ്പൂർ: രാജസ്ഥാനിൽ മൂന്ന് എംഎൽഎമാർക്ക് കൂടി തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് എംഎൽഎ രമേഷ് മീന, ബിജെപി എംഎൽഎമാരായ ഹമീർ സിംഗ് ഭായൽ, ചന്ദ്രധാൻ സിംഗ് ആക്യ എന്നിവരാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ട്വീറ്റിൽ കുറിച്ചു. 'കോൺഗ്രസ് എംഎൽഎ രമേഷ് മീന, ബിജെപി എംഎൽഎമാരായ ഹമീർ സിംഗ് ഭായൽ, ചന്ദ്രധാൻ സിംഗ് ആക്യ എന്നിവർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി അറിഞ്ഞു. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.' ഗെഹ്‍ലോട്ട് ട്വീറ്റിൽ കുറിച്ചു.
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സിംഗ് കച്ചരിയാവയ്ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് അഞ്ച് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 1048 ൽ എത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പുതിയതായി 645 പേർക്ക് കൂടി കൊവിഡ് ബാധിച്ചിട്ടുണ്ട്. 80872 ആണ് രാജസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം. 14515 പേർ ചികിത്സയിൽ കഴിയുന്നു. 64195 പേർ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.