ദില്ലിയിൽ പുതിയ ബിജെപി സർക്കാരിൻ്റെ ആദ്യ നീക്കം; മുസ്തഫബാദ് മണ്ഡലത്തിൻ്റെ പേര് മാറ്റി ശിവപുരി എന്നാക്കും

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബിജെപി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ​ഗവർണർക്ക് കത്ത് നൽകിയത്. 

 The first move of the BJP government in Delhi will be to change the name of Mustafabad constituency to Shivapuri

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ആദ്യ നീക്കവുമായി ബിജെപി സർക്കാർ. മുസ്തഫബാദ് മണ്ഡലത്തിൻ്റെ പേര് മാറ്റാനാണ് തീരുമാനം. മണ്ഡലത്തിൻ്റെ പേര് മുസ്തഫാബാദ് എന്ന് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്ന് നിയുക്ത എംഎൽഎ മോഹൻ സിംഗ് ബിഷ്ട് പ്രഖ്യാപിച്ചു. അതേസമയം, 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബിജെപി, സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കി. ​

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബിജെപി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ​ഗവർണർക്ക് കത്ത് നൽകിയത്. 48 എംഎൽഎമാർക്കൊപ്പം ​ഗവർണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലെന ​ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. പിന്നാലെ നിയമസഭ പിരിച്ചുവിട്ട് ​ലഫ്. ​ഗവർണർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി കാണാൻ സമയം തേടിയത്.

സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയെങ്കിലും ആരായിരിക്കും രാജ്യതലസ്ഥാനത്തെ നയിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുമായും ഇന്നലെ ആദ്യ വട്ട ചർച്ച നടത്തിയിരുന്നു. രാവിലെ അമിത് ഷായുടെ വസതിയിൽ ജെപി നദ്ദയും ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും കൂടികാഴ്ച നടത്തി. ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരി​ഗണനയിലുള്ളത്. ജാട്ട് വിഭാ​ഗത്തിൽ നിന്നുള്ള വർമ്മയെ മുഖ്യമന്ത്രിയാക്കിയാൽ ഹരിയാനയിൽ ഒബിസി വിഭാ​ഗത്തിൽ നിന്നുള്ള നായബ് സിം​ഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാ​ഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യുപിയിലും ഇത് നേട്ടമാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ. പർവേഷ് വർമ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ​ഗവർണറെയും കണ്ടിരുന്നു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു.

മുതിർന്ന നേതാക്കളായ വിജേന്ദർ ​ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയർന്നുവരുന്നുണ്ട്. ആർഎസ്എസ് നേതാവായ അഭയ് മഹാവറും ചർച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാൽ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവർക്കാണ് സാധ്യത. നിലവിൽ എംഎൽഎമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. മറ്റു നേതാക്കളെ പരി​ഗണിക്കുകയാണെങ്കിൽ മാത്രം സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയ്ക്കും, ബാൻസുരി സ്വരാജ് എംപിക്കും നറുക്ക് വീണേക്കും. പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ വിദേശ സന്ദ‌ർശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. ഫ്രാൻസ് - അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരിക്കും മുന്നേ പ്രഖ്യാപനമുണ്ടായേക്കും. മോദി മടങ്ങിയെത്തിയ ശേഷം ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നാണ് വ്യക്തമാകുന്നത്. എൻ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബിജെപിയുടെ തീരുമാനം.

ഉത്തരേന്ത്യ 'സേഫ്' എന്ന് കരുതി കോഴിക്കോട് നിന്ന് ഭോപ്പാലിലെത്തി; 2 കിലോ സ്വർണവുമായി കടന്നവരെ തേടിയെത്തി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios