കമിതാക്കളുടെ മരണം ആത്മഹത്യയല്ലെന്ന് തെളിഞ്ഞു; ജന്മദിനത്തിൽ രാത്രി എത്തുമെന്നറിഞ്ഞ് വിഷവുമായി കാത്തു നിന്നു
രണ്ട് പേരുടെയും ബന്ധുക്കളിൽ നിന്ന് എതിർപ്പുണ്ടായിരുന്നു. എന്നാൽ യുവതിയെ ബന്ധുക്കളാണ് കൊലപാതകം പദ്ധതിയിട്ട് നടപ്പാക്കിയത്.
ലക്നൗ: 22കാരനെയും 19കാരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അംഗീകരിക്കാതിരുന്ന യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ അച്ഛനും അമ്മയും അമ്മാവനും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണവുമായി ഉദ്യോഗസ്ഥർ മുന്നോട്ട് പോവുകയാണിപ്പോൾ.
ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ ബിഗാ ഗ്രാമത്തിലാണ് പുതുവർഷത്തലേന്ന് ക്രൂരമായ കൊലപാതകങ്ങൾ അരങ്ങേറിയത്. മിഥുൻ കുഷ്‍വാഹ എന്ന 22കാരനെ തൂങ്ങി മരിച്ച നിലയിലും കാമിനി സാഹു എന്ന 18കാരിയെ വീടിന് പിന്നിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് പേരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തിരുന്നു. പിന്നീട് നാട്ടുപഞ്ചായത്ത് ചേർന്ന് മിഥുനോട് മാറി താമസിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് മിഥുൻ അമ്മാവന്റെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അർദ്ധരാത്രിക്ക് ശേഷം കാമിനിയുടെ വീട്ടിലെത്തി രഹസ്യമായി പരസ്പരം കാണാറുണ്ടായിരുന്നു.
യുവാവ് സ്ഥിരം വീട്ടിലെത്തുന്നത് കാമിനിയുടെ ബന്ധുക്കളും മനസിലാക്കി. ജനുവരി ഒന്നിന് യുവതിയുടെ ജന്മദിനമായതിനാൽ മിഥുൻ എന്തായാലും ആഘോഷിക്കാൻ എത്തുമെന്ന് കണക്കാക്കി കാത്തിരുന്നു. രാത്രി യുവാവ് എത്തിയപ്പോൾ പിടികൂടി കൈകൾ കെട്ടിയിട്ടു. തുടർന്ന് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു. കാമിനി എതിർക്കുകയും സംഭവം പൊലീസിൽ അറിയിക്കുമെന്ന് പറയുകയും ചെയ്തതോടെ യുവതിയെയും വിഷം കുടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മിഥുന്റെ മൃതദേഹം ഒരു മരത്തിൽ കെട്ടിത്തൂക്കി. കാമിനിയുടെ മൃതദേഹം വീടിന് പിന്നിൽ ഉപേക്ഷിച്ചു.
രാവിലെ എഴുന്നേറ്റ ശേഷം മുൻകൂട്ടി പ്ലാൻ ചെയ്ത പോലെ വീട്ടുകാർ അഭിനയിച്ചു. കാമിനിയെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിച്ച് എല്ലാവരും ചേർന്ന് തെരച്ചിൽ തുടങ്ങി. മൃതദേഹം കണ്ടെത്തിയ ശേഷം പൊലീസിനെ അറിയിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വീട്ടുകാർക്കെതിരെ തിരിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം