ഓട്ടോറിക്ഷയിലെ പൊട്ടിത്തെറിക്ക് പിന്നിൽ ഭീകരർ; സ്ഥിരീകരിച്ച് പൊലീസ്, അന്വേഷണം പുരോഗമിക്കുന്നു
ശനിയാഴ്ചയാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു.
മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിയുണ്ടായ സംഭവം ഭീകരവാദപ്രവർത്തനമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചു.
"അക്കാര്യം സ്ഥിരീകരിച്ചു. അതൊരു അപകടമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ വേണ്ടി നടത്തിയ ഭീകരപ്രവർത്തനമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് കർണാടക പൊലീസ് അന്വേഷണം നടത്തിവരികയാണ്". ഡിജിപി ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന വസ്തുവിൽ നിന്ന് തീ പടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ഡ്രൈവർ നൽകിയ മൊഴി. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിൽ ഓട്ടോറിക്ഷ നിർത്താനൊരുങ്ങുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവം നടന്നതിനു പിന്നാലെ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞിരുന്നു.
Read Also: ഗുജറാത്തും ബിജെപിയും തമ്മിലുള്ളത് തകർക്കാനാവാത്ത ബന്ധം; വൻ വിജയം ഉറപ്പെന്നും മോദി