കൊറോണ കാലത്ത് 'ഹൈടെക്' ആയി ക്ഷേത്രങ്ങളും; സ്പർശനം ഒഴിവാക്കാൻ സെൻസറിൽ പ്രവർത്തിക്കുന്ന മണി
മധ്യപ്രദേശിലെ പ്രമുഖമായ പശുപതിനാഥ് ക്ഷേത്രത്തിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ടാക്ട്ലെസ് ബെല്‍ സ്ഥാപിച്ചത്.
ഭോപ്പാൽ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ രാജ്യത്തെ ആരാധനാലയങ്ങൾ വീണ്ടും തുറന്നിരിക്കുകയാണ്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളോടെയാണ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇപ്പോഴിതാ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഒരു ക്ഷേത്രത്തിൽ 'കോണ്‍ടാക്ട്ലെസ് ബെൽ' സ്ഥാപിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
മധ്യപ്രദേശിലെ പ്രമുഖമായ പശുപതിനാഥ് ക്ഷേത്രത്തിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ടാക്ട്ലെസ് ബെല്‍ സ്ഥാപിച്ചത്. സെന്‍സര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ബെല്‍ സ്ഥാപിച്ചത്. ബെല്ലിന് താഴേയായി കൈ ഉയര്‍ത്തിയാല്‍ ഓട്ടോമാറ്റിക്കായി മണി മുഴങ്ങുന്ന തരത്തിലാണ് നിർമ്മാണം. ഇതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.
സ്പര്‍ശനം ഇല്ലാതെ തന്നെ ആരാധന നടത്താനുളള സൗകര്യം ഈ ബെല്ലിലൂടെ സാധ്യമാകും. നഹ്‌റു ഖാൻ മേവ് എന്ന 62കാരനാണ് ഈ മണിയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 6000 രൂപ ചെലവഴിച്ചാണ് ബെൽ നിർമ്മിച്ചതെന്നും കൊവിഡ് കാലത്ത് സുരക്ഷിതമായി മണി മുഴക്കാൻ കഴിയുന്നതിനാൽ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ സന്തുഷ്ടരാണെന്നും മേവ് പറയുന്നു.
ഈ മണി മതപരമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നുവെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ മന്ദ്‌സൗർ ജില്ലാ കളക്ടർ മനോജ് പുഷ്പ് പറഞ്ഞു.