'രാജ്യത്ത് ശക്തമായ പ്രതിപക്ഷമില്ല'; പിങ്ക് മുന്നേറ്റം ലക്ഷ്യമിട്ട് കെസിആര്‍

വിപുലമായ പരിപാടികളുമായി പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കോണ്‍ഗ്രസ് ഒഴികെ മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെ എല്ലാം ചടങ്ങിലേക്ക് ക്ഷണിക്കാണ് ആലോചന.

Telangana CM K Chandrasekhar Rao to announce launch of national party in July

ഹൈദരാബാദ് : രാജ്യത്ത് ശക്തമായൊരു പ്രതിപക്ഷ പാര്‍ട്ടിയുടെ വിടവുണ്ടെന്ന് ചൂണ്ടികാട്ടി പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു. ജൂലൈ ആദ്യ ആഴ്ചയോടെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് നീക്കം. കോണ്‍ഗ്രസ് ഒഴികെ മറ്റ് ബിജെപി വിരുദ്ധ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ചടങ്ങിനാണ് ആലോചന.

തെലങ്കാന മോഡല്‍ വികസനം രാജ്യമെങ്ങും എന്ന ആഹ്വാനവുമായാണ് ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് കെസിആര്‍ ഒരുങ്ങുന്നത്. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കിയാണ് മാറ്റുന്നത്. ഞായറാഴ്ച മുതിര്‍ന്ന ടിആര്‍എസ് നേതാക്കളുടെ യോഗം കെസിആര്‍ ഹൈദരാബാദില്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍   കര്‍മ്മപദ്ധതി കെസിആര്‍ അവതരിപ്പിക്കും.  വിപുലമായ പരിപാടികളുമായി പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കോണ്‍ഗ്രസ് ഒഴികെ മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെ എല്ലാം ചടങ്ങിലേക്ക് ക്ഷണിക്കാണ് ആലോചന.

ആംആദ്മി, സമാജ്വാദി പാര്‍ട്ടി, ജെഎംഎം, സിപിഐഎം,ഡിഎംകെ, ജെഡിഎസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടാകും. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ മമതാ ബാനര്‍ജി വിളിച്ച യോഗത്തില്‍ നിന്ന് ടിആര്‍എസ് വിട്ടുനിന്നിരുന്നു.കോണ്‍ഗ്രസില്ലാത്ത ഫെഡറല്‍ മുന്നണി ആശയമാണ് ടിആര്‍എസ് മുന്നോട്ടുവയ്ക്കുന്നത്. ഈ ഫെഡറല്‍ സഖ്യത്തിന്‍റെ നേതൃത്വം കെസിആറിന് ആയിരിക്കുമെന്ന പ്രതീക്ഷയും ടിആര്‍എസ്സിനുണ്ട്. 

Telangana CM K Chandrasekhar Rao to announce launch of national party in July

Read More : അങ്കത്തട്ട് ദില്ലിയാക്കാൻ കെസിആർ; ലക്ഷ്യം ഫെഡറൽ മുന്നണി, ബിജെപിയുടെ നെ‍ഞ്ചിടിപ്പ് കൂട്ടുന്ന പ്രഖ്യാപനം ഉടൻ

ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ദേശപര്യടനം ചന്ദ്രശേഖര്‍ റാവു നടത്തിയിരുന്നു. ദില്ലി, യുപി, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി, കര്‍ഷകരെയും നേതാക്കളെയും കണ്ടു. വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. ദേശീയത മുന്‍നിര്‍ത്തിയുള്ള ഫെഡറല്‍ മുന്നണി സന്ദേശമാണ് ഈ സന്ദര്‍ശനത്തിലൂടെ കെസിആര്‍ ലക്ഷ്യം വച്ചത്.
 
അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍,  ദേവഗൗഡ, അണ്ണാഹസാരെ, ഉദ്ധവ് താക്കറെ തുടങ്ങിയവരെ കണ്ട് കെസിആര്‍ പിന്തുണ ഉറപ്പാക്കിയിരുന്നു. പിണറായി വിജയന്‍, യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കള്‍ തെലങ്കാന സന്ദര്‍ശനത്തിനിടെ കെസിആറിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ടി രാമറാവുവിനും വൈഎസ്ആറിനും ജയലളിതയ്ക്കും  ശേഷം തെക്കേന്ത്യയില്‍ നിന്ന് ഇത്രയേറെ ദേശീയ ശ്രദ്ധ ലഭിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് ടിആര്‍എസ് അവകാശപ്പെടുന്നു. നരസിംഹറാവുവിനും ദേവഗൗഡയ്ക്കും ശേഷം തേക്കേന്ത്യയില്‍ നിന്ന് ദേശീയ മുഖമായി തന്നെ  ചന്ദ്രശേഖര്‍ റാവു മാറുമെന്ന് കെടി രാമറാവു പലവേദികളും അവകാശപ്പെട്ട് കഴിഞ്ഞു.

Telangana CM K Chandrasekhar Rao to announce launch of national party in July

ദില്ലിയിലേക്ക് ചുവടുമാറ്റുന്നത് മകന്‍ കെ ടി രാമറാവുവിന് സംസ്ഥാന നേതൃത്വത്തിന്‍റെ പൂര്‍ണ ചുമതല നല്‍കാനുള്ള ചുവടുമാറ്റത്തിന്‍റെ ഭാഗമായി കൂടി വിലയിരുത്തുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള എംബിഎ ബിരുദധാരിയായ കെടി രാമറാവു നിലവില്‍ തെലങ്കാന വ്യവസായ മന്ത്രിയാണ്.  കെസിആറിന്‍റെ ദേശപര്യടനത്തിനിടെ കെടിആര്‍ വിദേശപര്യടനത്തിലായിരുന്നു. 

എന്‍ആര്‍ഐ വ്യവസായികളെ കണ്ട് പുതിയ നിക്ഷേപ സാധ്യതകളും ദേശീയ പാര്‍ട്ടി പ്രഖ്യാപനവും ചര്‍ച്ചയാക്കാനായിരുന്നു ഈ സന്ദര്‍ശനം. ചുരുങ്ങിയ കാലം കൊണ്ട് വ്യവസായ മുന്നേറ്റത്തിലേക്ക് കുതിച്ച തെലങ്കാന മോഡലാണ് ദേശീയ പാര്‍ട്ടി പ്രഖ്യാപന വേളയിലും ടിആര്‍എസ് ഉയര്‍ത്തികാട്ടുന്നത് .ദേശീയ  ദിനപത്രങ്ങളിലും ടിവി ചാനലുകളിലും മുന്‍നിര പരസ്യം നല്‍കി തെലങ്കാന മോഡല്‍ ചര്‍ച്ചയാക്കുകയാണ് കെസിആര്‍. ഇന്ത്യയില്‍ വളര്‍ച്ചയുടെ പുതിയ പിങ്ക് പാത വിരിയിക്കുമെന്നാണ് അവകാശവാദം.

Telangana CM K Chandrasekhar Rao to announce launch of national party in July

Latest Videos
Follow Us:
Download App:
  • android
  • ios