'കൈപിടിച്ച്' തെലങ്കാന, 'സൂപ്പര്‍സ്റ്റാറായി' രേവന്ത് റെഡ്ഡി, വിജയമുറപ്പിച്ചതിന് പിന്നാലെ റോഡ് ഷോ
രേവന്ത് റെഡ്ഡിയാണ് ടീം ലീഡറെന്നും തെലങ്കാനയുടെ മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു
ബെംഗളൂരു:തെലങ്കാനയില്‍ വലിയ ഭരണമുറപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ സൂപ്പര്‍സ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരന്‍. രേവന്ത് റെഡ്ഡി മുന്നില്‍നിന്നും നയിച്ച തെരഞ്ഞെടുപ്പില്‍ കെസിആറിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിക്ക് അടിതെറ്റി. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഉറപ്പായതോടെ റോഡ് ഷോയുമായാണ് രേവന്ത് റെഡ്ഡി വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷമാക്കിയത്. രാവിലെ മുതല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം തുടര്‍ന്നതോടെ രേവന്ത് റെഡ്ഡിയുടെ വസതിക്ക് മുന്നിലും തെലങ്കാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചിരുന്നു. ഇതിനുപിന്നാലെ വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് വിജയാഹ്ലാദം രേവന്ത് റെഡ്ഡി പങ്കുവെച്ചത്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയില്‍ ഭരണം തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം. നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കുന്നതാണ് തെലങ്കാനയിലെ വിജയം. കര്‍ണാടകയിലെ പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ് നടത്തിയ പ്രചരണ തന്ത്രങ്ങള്‍ക്കൊപ്പം രേവന്ത് റെഡ്ഡിയെന്ന ക്രൗഡ് പുള്ളറും കൂടി ചേര്‍ന്നതോടെ വിജയം എളുപ്പമായി. നിലവിലെ കണക്ക് പ്രകാരം 64 സീറ്റുകളിലാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് 40 സീറ്റുകളിലും ബിജെപി 8 സീറ്റുകളിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലുമാണ് മുന്നേറുന്നത്. മൂന്നാം ടേം പ്രതീക്ഷിച്ചിരുന്ന കെസിആറിന്‍റെ നീക്കം അട്ടിമറിച്ചാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുന്നത്. മധുരം വിതരണം ചെയ്തും റോഡ് ഷോ നടത്തിയും പടക്കം പൊട്ടിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാനയിലെ വിജയം ആഘോഷിക്കുന്നത്.
കെസിആറിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിയിലായിരുന്ന രേവന്ത് റെഡ്ഡി 2017ലാണ് കോണ്‍ഗ്രസിലെത്തുന്നത്. 2021ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്കുമെത്തി. ഇവിടെനിന്നാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തേഴുന്നേല്‍പ്പിന് തുടക്കമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചതോടെയാണ് രേവന്ത് റെഡ്ഡി നേതൃനിരയിലേക്ക് എത്തുന്നത്. ജനം ഒന്നാകെ രേവന്ത് റെഡ്ഡിയെ പിന്തുണക്കുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കാണാനായത്. ബിആര്‍എസ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളികത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം രേവന്ത് റെഡ്ഡി മുന്നില്‍നിന്നു. കോണ്‍ഗ്രസ് നേതൃത്വവും രേവന്ത് റെഡ്ഡിക്കൊപ്പം അണിനിരന്നതോടെ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.
2014ല്‍ ആന്ധ്രാപ്രദേശില്‍നിന്ന് തെലങ്കാന വിഭജിക്കപ്പട്ടതുമുതല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ബിആര്‍എസ് കോട്ടയായ കാമറെഡ്ഡിയിലും രണ്ടാമത്തെ സീറ്റായ കൊടംഗലിലും രേവന്ത് റെഡ്ഡി മത്സരിക്കുന്നുണ്ട്. കൊടംഗലില്‍ 32800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേവന്ത് റെഡ്ഡിയുടെ വിജയം. കാമറെഡ്ഡിയില്‍ നിലവില്‍ രേവന്ത് റെഡ്ഡി പിന്നിലാണ്. തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നതിടെ ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീഴുകയാണ് ബിആർഎസ്. കെസിആറിന് മൂന്നാമൂഴം നൽകാതെയാണ് തെലങ്കാന കൈ പിടിച്ചത്. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്.
അതേസമയം, തെലങ്കാനയില്‍ ഒരു മാറ്റമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചതിന്‍റെ ഫലമാണ് കോണ്‍ഗ്രസിന്‍റെ വിജയമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. രേവന്ത് റെഡ്ഡി തെലങ്കാനയിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. അദ്ദേഹമാണ് ടീം ലീഡര്‍. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെസിആറിനെക്കുറിച്ചോ കെടിആറിനെക്കുറിച്ചോ സംസാരിക്കുന്നില്ലെന്നും അവര്‍ക്ക് തെലങ്കാനയിലെ ജനങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
Assembly election results 2023 Live| മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്...