തേജസ്വി സൂര്യയ്ക്കൊപ്പം തിരച്ചിലിനെത്തിയ എംഎൽഎയുടെ പിഎയ്ക്ക് കരിഞ്ചന്തക്കാരുമായി ബന്ധമെന്ന് പൊലീസ്

തേജസ്വിയോടൊപ്പം കൊവിഡ് വാർ റൂമിൽ എത്തി തിരച്ചിൽ നടത്തിയ എംഎൽഎയുടെ പിഎയും പൊലീസ് നിരീക്ഷണത്തിലാണ്. കരിഞ്ചന്തക്കാരുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 

tejaswi surya hospital bed scam updates

ബംഗ്ലൂരു: കർണാടകയിൽ കൊവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചു വിറ്റ സംഭവത്തില്‍ വിവാദം അടങ്ങുന്നില്ല. വിവാദ പരാമർശം നടത്തിയ ബെംഗളൂരു എംപി തേജസ്വി സൂര്യ കൂടുതൽ കുരുക്കിലേക്ക്. തേജസ്വിയോടൊപ്പം കൊവിഡ് വാർ റൂമിൽ എത്തി തിരച്ചിൽ നടത്തിയ എംഎൽഎയുടെ പിഎയും പൊലീസ് നിരീക്ഷണത്തിലാണ്. കരിഞ്ചന്തക്കാരുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇയാൾ കൊവിഡ് രോഗബാധിതനായി ചികിത്സയിലാണ്. രോഗ മുക്തനായതിന് ശേഷം ഇയാളെ ചോദ്യം ചെയ്യും. നേരത്തെ വാർ റൂമിലെത്തി തേജസ്വിയും സംഘവും വിളിച്ചു പറഞ്ഞ 16 മുസ്ലിം ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയെന്ന് ഇതുവരെ തെളിവില്ല. 

കരിഞ്ചന്തയിലെ കൊവി‍ഡ് കിടക്കകൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മറിച്ചു വില്‍ക്കുന്ന അഴിമതി ബെംഗളൂരു എംപി തേജസ്വി സൂര്യയും രണ്ട് ബിജെപി എംഎല്‍എമാരുമാണ് കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടുവന്നത്. ആശുപത്രികൾ രോഗികളെകൊണ്ട് നിറഞ്ഞിരിക്കെ സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയ അഴിമതി പുറത്ത് കൊണ്ടുവന്നതിന് കോൺഗ്രസ് നേതാക്കളടക്കം ഇവരെ അഭിനന്ദിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം കൊവിഡ് വാർറൂമിലെത്തി ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രം വിളിച്ചുപറഞ്ഞ് കാര്യങ്ങളന്വേഷിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.

ഇതോടെ അഴിമതി മത വിദ്വേഷം പടർത്താനായാണ് ബിജെപി നേതാക്കൾ ഉപയോഗിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. തേജസ്വി സൂര്യയുടെ വിദ്വേഷ പ്രചാരണത്തിന് അടിയന്തരമായി വാക്സീന്‍ വേണമെന്ന് വിമർശിച്ചു. എന്നാല്‍ പ്രത്യേക മതവിഭാഗത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് തേജസ്വി സൂര്യയുടെ വിശദീകരണം.

അതേസമയം ലക്ഷങ്ങൾ വാങ്ങി കരിഞ്ചന്തയില്‍ കൊവിഡ് കിടക്കകൾ മറിച്ചു നല്‍കുന്ന സംഘത്തിലെ  7 പേർ ഇതുവരെ ബെംഗളൂരു പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകൾ മറിച്ചു വിററ സംഘത്തിലെ ആറ് പേരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Latest Videos
Follow Us:
Download App:
  • android
  • ios