ദീപാവലിക്കിടെ വന്ന 2 പേർ, ഒരാൾ കൗമാരക്കാരൻ; മകന്‍റെ മുന്നിൽ 40കാരനെ വെടിവച്ചുകൊന്നു, ബന്ധുവും കൊല്ലപ്പെട്ടു
വീടിന് പുറത്തുള്ള ചെറിയ റോഡിൽ ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴാണ് രണ്ട് പേർ വെടിയേറ്റ് മരിച്ചത്
ദില്ലി: ദീപാവലി ദിനത്തില്‍ ദില്ലിയിലെ ഷാഹ്ദ്രയില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ആകാശ് ശര്‍മ്മ (40), ബന്ധു ഋഷഭ് ശര്‍മ്മ (16) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ആകാശ് ശര്‍മ്മയുടെ മകന്‍ കൃഷ് ശര്‍മ്മ (10) പരിക്കുകളോടെ ആശുപത്രിയിലാണ്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ഷാഹ്ദ്രയിലെ ഫാർഷ് ബസാർ പ്രദേശത്ത് നടന്ന സംഭവത്തിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ആകാശ് ശര്‍മ്മയും മകനും അനന്തരവനും വീടിന് പുറത്തുള്ള ചെറിയ റോഡിൽ ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നു. അപ്പോൾ ഒരു കൗമാരക്കാരനും മറ്റൊരാളും ഇരുചക്ര വാഹനത്തിൽ വന്നു. കൌമാരക്കാരൻ കുനിഞ്ഞ് ആകാശ് ശർമ്മയോട് എന്തോ പറഞ്ഞു. പിന്നാലെ അദ്ദേഹം അകത്തേക്ക് കയറിപ്പോയി.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുൻപ് കൌമാരക്കാരന്‍റെ കൂടെയുണ്ടായിരുന്നയാൾ അഞ്ച് റൌണ്ട് വെടിയുതിർത്തു. ആകാശ് ശര്‍മ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മകന് പരിക്കേറ്റു. അനന്തരവന് അക്രമികളുടെ പിന്നാലെ ഓടിയപ്പോഴാണ് വെടിയേറ്റത്. ഇയാളും മരിച്ചു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൌമാരക്കാരൻ ക്വട്ടേഷൻ നൽകിയ ആളാവാം വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു. എന്നാൽ എന്താണ് ഇരുവരും തമ്മിലുള്ള വൈരാഗ്യമെന്ന് വ്യക്തമല്ല. ആകാശ് ശര്‍മ്മയ്ക്ക് ആരോടോ സാമ്പത്തിക തർക്കമുണ്ടായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. കൌമാരക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം