നോയിഡയിലെ ഐടി സ്ഥാപനത്തിലെ കഫ്ത്തീരിയ കൊവിഡ് ആശുപത്രിയാക്കി ടെക് മഹീന്ദ്ര
ദില്ലിയിലും പരിസരങ്ങളിലും കൊവിഡ് രോഗികള്‍ ആശുപത്രികളില്‍ ബെഡ് പോലും കിട്ടാതെ നിരത്തിലും ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലും ആംബുലന്‍സിലും കിടന്ന് ജീവന്‍ നഷ്ടമാകുന്നതിനിടയിലാണ് ടെക് മഹീന്ദ്ര ഓഫീസ് ഇടം കൊവിഡ് ആശുപത്രിയാക്കുന്നത്.
നോയിഡ: നോയിഡയില്‍ ഐടി സ്ഥാപനത്തിലെ ഭക്ഷണശാല കൊവിഡ് രോഗികള്‍ക്കുള്ള കെയര്‍ കേന്ദ്രമാക്കി ടെക് മഹീന്ദ്ര. ഫോര്‍ട്ടിസുമായി ചേര്‍ന്നാണ് ഭക്ഷണശാല 40 ബെഡുള്ള കൊവിഡ് ആശുപത്രിയാക്കിയത്. നോയിഡയിലെ സ്പെഷ്യല്‍ ഇക്കണോമിക് സോണിലാണ് ഈ ആശുപത്രിയുള്ളത്.
ദില്ലിയിലും പരിസരങ്ങളിലും രോഗികള്‍ ആശുപത്രികളില്‍ ബെഡ് പോലും കിട്ടാതെ നിരത്തിലും ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലും ആംബുലന്‍സിലും കിടന്ന് ജീവന്‍ നഷ്ടമാകുന്നതിനിടയിലാണ് ടെക് മഹീന്ദ്ര ഓഫീസ് ഇടം കൊവിഡ് ആശുപത്രിയാക്കുന്നത്. 40 ബെഡുള്ള ഈ ആശുപത്രിയില്‍ ഇതിനോടകം 35 കിടക്കകളില്‍ രോഗികളുണ്ട്. ഇവരില്‍ ആരും തന്നെ ഗുരുതരാവസ്ഥയില്‍ ഉള്ളവരല്ലെന്നാണ് റിപ്പോര്‍ട്ട്.
ചെറിയ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ ഈ പ്രത്യേക ആശുപത്രി സേവനം ആരംഭിച്ചിരുന്നു. തുടക്കത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഈ ആശുപത്രി തുറന്നത്. എന്നാല്‍ ജീവനക്കാരല്ലാത്ത രോഗികളെയും നിലവില്‍ ഇവിടെ ചികിത്സിക്കുന്നുണ്ട്. ഓക്സിജന്‍ സൗകര്യം നല്‍കുന്നത് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണെന്ന് ടെക് മഹീന്ദ്രയുടെ വക്താവ് വിശദമാക്കി. ടെക് മഹീന്ദ്രയുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona