രാജ്യത്തെ ഏറ്റവും സമ്പന്നനായ എംപി മന്ത്രി സ്ഥാനത്തേക്ക്? ചർച്ച സജീവമാക്കി ടിഡിപി, 6 മന്ത്രിമാർക്കായി വിലപേശും
രാജ്യത്തെ ഏറ്റവും ധനികനായ എംപി കൂടിയായ പെമ്മസാനി ചന്ദ്രശേഖറും മന്ത്രിസഭയിലെത്തിയേക്കും. വിരമിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ ദഗ്ഗുമല്ല പ്രസാദ് റാവുവും പരിഗണനയിലുണ്ട്.
ഹൈദരാബാദ്: ടിഡിപിയുടെ നാല് കേന്ദ്രമന്ത്രി പദവികളിൽ ആരൊക്കെയെന്നതിൽ ചർച്ച തുടരന്നു. ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പട്ടിക തയ്യാറാക്കാനാണ് ടിഡിപി ശ്രമിക്കുന്നത്. അവസാന നിമിഷം വരെയും ആറ് മന്ത്രി പദവികൾക്കായി വില പേശാനാണ് ടിഡിപിയുടെ തീരുമാനം.
ശ്രീകാകുളത്ത് നിന്ന് ഹാട്രിക് വിജയവുമായി എത്തുന്ന റാം മോഹൻ നായിഡു, ഗുണ്ടൂരിൽ നിന്ന് ആദ്യമായി എംപി ആകുന്ന പെമ്മസാനി ചന്ദ്രശേഖർ, ചിറ്റൂരിൽ നിന്ന് ആദ്യമായി എംപിയായ ദഗ്ഗുമല്ല പ്രസാദ് റാവു, നെല്ലൂർ എംപി വെമ്മിറെഡ്‌ഡി പ്രഭാകർ റെഡ്ഢി എന്നിവർ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 36-കാരനായ റാം മോഹൻ നായിഡു മികച്ച പാർലമെന്റെറിയൻ എന്ന നിലയിൽ പേരെടുത്തയാളാണ്.
മുൻ കേന്ദ്രമന്ത്രി യെർറനായിഡുവിന്റെ മകൻ, പിന്നാക്ക വിഭാഗക്കാരൻ എന്നിവയും അദ്ദേഹത്തിന് അനുകൂല ഘടകമാണ്. രാജ്യത്തെ ഏറ്റവും ധനികനായ എംപി കൂടിയായ പെമ്മസാനി ചന്ദ്രശേഖറും മന്ത്രിസഭയിലെത്തിയേക്കും. വിരമിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ ദഗ്ഗുമല്ല പ്രസാദ് റാവുവും പരിഗണനയിലുണ്ട്. വൈഎസ്ആർസിപിയിലെ രണ്ടാമൻ വിജയ് സായ് റെഡ്ഢിയെ തോൽപിച്ച ആളാണ് വെമ്മിറെഡ്‌ഡി പ്രഭാകർ റെഡ്ഢി. അതുകൊണ്ടുതന്നെ അദ്ദേഹത്തെയും ചന്ദ്രബാബു നായിഡു പരിഗണിച്ചേക്കും.
Read More... 'പിണറായിയുടെ വിമർശനം; പ്രതികരിക്കാനില്ല, ഞാനെന്നും ഇടതുപക്ഷത്തോടൊപ്പം': ഗീവർഗീസ് മാർ കൂറിലോസ്
ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. അതേസമയം, സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. എന്നാൽ സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ. അതിനിടെ, രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദർശിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നൽകി.